‘ലവ് ജിഹാദിന് സ്ഥിരീകരണമില്ല’; വാര്‍ത്തകള്‍ നിഷേധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ; അന്വേഷണം പുരോഗമിക്കുന്നു; ഇതുവരെ കണ്ടെത്തിയിട്ടില്ല

സംസ്ഥാനത്ത് ലവ് ജിഹാദ് സംബന്ധിച്ച് ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സാങ്കേതികമായി ഇതുവരെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേരളത്തില്‍ ലവ്ജിഹാദ് നടക്കുന്നുവെന്ന രീതിയില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നുണ്ട്. വ്യത്യസ്ത മതസ്ഥര്‍ തമ്മില്‍ ധാരാളം വിവാഹം നടക്കുന്നു. അതില്‍ ലവ് ജിഹാദുമായി ബന്ധപ്പെട്ട രണ്ടുകേസ് അന്വേഷിച്ചു. കൂടാതെ സുപ്രീംകോടതി ഉത്തരവ് പ്രകാരം എന്‍ഐഎയും അന്വേഷിക്കുന്നുണ്ട്. സത്യാവസ്ഥ അറിയാന്‍ അന്വേഷണങ്ങള്‍ പൂര്‍ത്തിയാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് കേരളത്തില്‍ ലവ്ജിഹാദുണ്ടെന്ന് ഡിജിപി സൂചിപ്പിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.

© 2024 Live Kerala News. All Rights Reserved.