മന്ത്രി ശൈലജയ്‌ക്കെതിരായ സിംഗിള്‍ ബെഞ്ച് പരാമര്‍ശത്തില്‍ സ്റ്റേ ഇല്ല; ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹൈക്കോടതി

ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക് എതിരായ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശത്തില്‍ സ്റ്റേ ഇല്ല. ബാലവകാശ കമ്മീഷന്‍ നിയമനത്തില്‍ തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന മന്ത്രി കെ.കെ.ശൈലജയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. പരാമര്‍ശം നീക്കുകയല്ല, റിവ്യു പെറ്റീഷനാണ് നല്‍കേണ്ടതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ബാലാവകാശ കമ്മീഷന്‍ നിയമനത്തിലെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും മന്ത്രിക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ക്രിമിനല്‍ കേസ് പ്രതികള്‍ എങ്ങനെ ബാലാവകാശ കമ്മീഷനില്‍ വന്നുവെന്നും കോടതി ചോദിച്ചു.
ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ആരോഗ്യമന്ത്രിക്ക് നിയമനത്തിലെ ഉത്തരവാദിത്തത്തില്ഡ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. 12 കേസില്‍ പെട്ട ആളെങ്ങനെ കമ്മീഷനംഗമായെന്നും ഹൈക്കോടതി ചോദിച്ചു. കടുത്ത വിമര്‍ശനമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും മന്ത്രിക്ക് എതിരായി ഉയര്‍ത്തിയത്. സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനങ്ങള്‍ നീക്കാനാകില്ല, അത് ലളിതമായ വിമര്‍ശനമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ശൈലജ നല്‍കിയ പുനപരിശോധന ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി വച്ചു.

ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ സത്യസന്ധമായല്ല മന്ത്രി തീരുമാനമെടുത്തത്. മന്ത്രിക്ക് നല്‍കിയിട്ടുള്ള അധികാരം ശരിയായ രീതിയില്‍ വിനിയോഗിക്കണം. ഭരണാധികാരികള്‍ യുക്തിപരമായാണ് തീരുമാനമെടുക്കേണ്ടത്. എന്തെങ്കിലും തോന്നലിന്റെ അടിസ്ഥാനത്തിലല്ല, പൊതുനന്‍മയായിരിക്കണം തീരുമാനത്തിന്റെ ലക്ഷ്യം. മന്ത്രിക്ക് നല്‍കിയിട്ടുള്ള അധികാരം സത്യസന്ധമായും ശരിയായ രീതിയിലും വേണം ഉപയോഗിക്കാനെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ചി വ്യക്തമാക്കിയിരുന്നു. ഈ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി കോടതിയെ സമീപിച്ചത്.

© 2024 Live Kerala News. All Rights Reserved.