‘മൂന്നര മണിക്കൂര്‍’; ദിലീപിന്‍റെ ജാമ്യത്തിനായുളള വാദം തീര്‍ന്നില്ല; അറസ്റ്റിലേക്ക് നയിച്ചത് സെന്‍കുമാറിന്റെ പരാമര്‍ശങ്ങളെന്ന് പ്രതിഭാഗം; വാദം നാളെയും തുടരും

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നു നടന്നത് മാരത്തോണ്‍ വാദം. രാവിലെ പത്തരമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും ഇടവേളയ്ക്ക് ശേഷം 1.45 മുതല്‍ 2.45 വരെയുമായി മൂന്നരമണിക്കൂറാണ് ബി. രാമന്‍പിളള ദിലീപിനായി വാദിച്ചത്. പ്രതിഭാഗത്തിന്റെ വാദം ഇന്ന് തീരാത്തതിനെ തുടര്‍ന്ന് നാളത്തേയ്ക്കും മാറ്റിവെച്ചിട്ടുണ്ട്. രാവിലെ 10.30ന് ആരംഭിച്ച വാദത്തിനിടെ പ്രതിഭാഗം അഭിഭാഷകനായ ബി.രാമന്‍പിളളയെ കോടതി താക്കീത് ചെയ്യുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടിയുടെ പേര് ആവര്‍ത്തിച്ചതിനാണ് കോടതിയുടെ താക്കീത്.
ഒരേ ടവര്‍ ലൊക്കേഷനില്‍ വന്നതുകൊണ്ടുമാത്രം ഗൂഢാലോചന നടന്നെന്ന് പറയാന്‍ കഴിയില്ല, സുനിയുടെ മൊഴിയെ ആശ്രയിച്ച് മാത്രമാണ് കേസ് മുന്നോട്ട് പോകുന്നതെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. കൂടാതെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനെതിരെയുളള സെന്‍കുമാറിന്റെ പരാമര്‍ശമാണ് ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ചത്. അദ്ദേഹത്തെ കസ്റ്റഡിയില്‍ വെക്കേണ്ട ആവശ്യമില്ലെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും ഫോണ്‍ നശിപ്പിച്ചെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ നല്‍കിയ മൊഴിയും രാമന്‍പിളള ചൂണ്ടിക്കാട്ടി.

ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും നേരത്തെ പരിചയക്കാരാണെന്നും ഇവര്‍ തമ്മിലുളള തര്‍ക്കമായിരിക്കാം പ്രതിയെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നുമുളള വാദവും പ്രതിഭാഗം ഉയര്‍ത്തി. അന്വേഷണ സംഘത്തിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ദിലീപിനെ കുടുക്കാന്‍ സിനിമയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ശ്രമം ഉണ്ടായതായും ക്രിമിനലായ സുനിയുടെ വാക്കുകള്‍ വിശ്വസിക്കരുതെന്നുമുളള വാദങ്ങളും ദിലീപിനായി ഉയര്‍ന്നു. അതെസമയം ജാമ്യം അനുവദിക്കരുതെന്ന ഉറച്ച നിലപാടിലാണ് പ്രോസിക്യൂഷന്‍.
ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി കോടതി വീണ്ടും നീട്ടിയിട്ടുണ്ട്. അടുത്ത മാസം രണ്ടുവരെയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കാലാവധി നീട്ടിയത്. ഇന്ന് റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കഴിഞ്ഞ വെളളിയാഴ്ചയാണ് ദിലീപ് വീണ്ടും ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് ഹര്‍ജി മാറ്റിവെച്ചതും.

© 2024 Live Kerala News. All Rights Reserved.