മഹാരാജാസില്‍ എസ്എഫ്‌ഐക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്; ചെയര്‍മാന്‍ സ്ഥാനത്തേക്ക് തോറ്റത് 121 വോട്ടുകള്‍ക്ക്

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വെല്ലുവിളി ഉയര്‍ത്തി ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഫ്രറ്റേണിറ്റി സ്ഥാനാര്‍ത്ഥി ഫുവാദ് മുഹമ്മദ് പരാജയപ്പെട്ടത് കേവലം 121 വോട്ടുകള്‍ക്കാണ്. മൃദുലാ ഗോപി 884 വോട്ടുകള്‍ നേടിയപ്പോള്‍ 763 വോട്ടാണ് ഫുവാദിന്റെ സമ്പാദ്യം. സ്ഥിരമായി രണ്ടാം സ്ഥാനത്ത് എത്താറുള്ള കെഎസ് യു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മൃദുലാ ഗോപി മഹാരാജാസിന്റെ ചെയര്‍പേഴ്‌സണ്‍; നയിക്കാന്‍ ആറ് വനിതാ സാരഥികള്‍; പതിമൂന്ന് സീറ്റുകള്‍ എസ്എഫ്‌ഐക്ക്
പതിറ്റാണ്ടുകളായി എസ്എഫ്‌ഐയുടെ കോട്ടയാണ് മഹാരാജാസ്. ഇതിനു വിള്ളല്‍ വീണത് ഒന്നോ രണ്ടോ തവണ മാത്രമാണ്. നേരത്തെ കെഎസ്‌യു സ്ഥാനാര്‍ത്ഥികളായ ജിനോ ജോണും അജ്മലുമാണ് വിള്ളല്‍ വീഴ്ത്തിയിട്ടുള്ളത്. ഇത്തവണ ജിനോ ജോണ്‍ നേടിയത് പോലെയുള്ള വിജയം ഫുവാദ് നേടുമെന്ന് പ്രതീതി ജനിപ്പിച്ചെങ്കിലും അവസാന നിമിഷം എസ്എഫ്‌ഐ കടന്നൂകൂടുകയായിരുന്നു. ജിനോ ജോണിന്റെ അട്ടിമറി ജയത്തെ ആസ്പദമാക്കിയാണ് മെക്‌സിക്കന്‍ അപാരത എന്ന ചിത്രം ഉണ്ടായത്.
നേരത്തെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു കയറാറുള്ളത് വലിയ ഭൂരിപക്ഷത്തിനാണ്. ഇതിന് മാറ്റം വരുത്താന്‍ മൂന്ന് മാസം മാത്രം പ്രായമുള്ള ഫ്രറ്റേണിറ്റിക്കായി. മൂന്നാം വര്‍ഷ ഡിഗ്രി പ്രതിനിധിയായും ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ഇഷാഖ് ഇബ്രാഹിം തെരഞ്ഞെടുക്കപ്പെട്ടു.

ഒന്നൊഴികെ എല്ലാ സീറ്റിലും എസ്എഫ്ഐയാണ് വിജയിച്ചത്. വൈസ് ചെയര്‍ പേഴ്സണുള്‍പെടെ എസ്എഫ്ഐയുടെ പാനലില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ മഹാരാജാസ് സ്റ്റുഡന്റ്സ് യൂണിയനില്‍ പ്രവേശിച്ചു. പതിന്നാല് സീറ്റുകളില്‍ പതിമൂന്ന് സീറ്റുകള്‍ എസ്എഫ്ഐ നേടിയപ്പോള്‍ ഒരു സീറ്റ് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേടി.

© 2024 Live Kerala News. All Rights Reserved.