ശശികല ജയിലിനു പുറത്തു പോയെന്ന് ജയില്‍ ഡിഐജി; സിസിടിവി ദൃശ്യങ്ങള്‍ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് കെെമാറി

ബംഗലുരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗലുരു പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന എഐഡിഎംകെ ഇടക്കാല ജനറല്‍ സെക്രട്ടറി വി. ശശികല ജയിലിനു പുറത്തു പോയതായി സംശയിക്കുന്നതായി ജയില്‍ ഡിഐജി രൂപ.ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ഡി രൂപ കര്‍ണാടക അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് കെെമാറി. ശശികലയും ബന്ധു ഇളവരശനും സാധാരണ വേഷത്തില്‍ പുറത്തു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ജയിലിലെ പ്രധാന കവാടമെന്ന് തോന്നിക്കുന്ന വഴിയിലൂടെ ഇരുവരും ജയില്‍ വസ്ത്രം ധരിക്കാതെ പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. ശശികലയ്ക്ക് അനര്‍ഹമായ പരിഗണനകള്‍ ജയിലില്‍ ലഭിക്കുന്നുണ്ട് എന്ന് നേരത്തെ ഡി രൂപ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനായി ജയില്‍ ഡിജിപി എച്ച്.എന്‍ സത്യനാരായണ റാവു രണ്ടു കോടി രൂപ വാങ്ങിയെന്നും രൂപ ആരോപിച്ചിരുന്നു. തുടര്‍ന്ന് രൂപയെ ട്രാഫിക് വിഭാഗത്തിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

ജയിലിലെ സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പാണ് അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് കൈമാറിയതെന്ന് രൂപ സ്ഥിരീകരിച്ചു. ശശികലയും ബന്ധു ഇളവരശിയും കൈയില്‍ ബാഗും തൂക്കി ജയില്‍ കവാടത്തിലൂടെ നടന്നു പോകുന്നതാണ് സിസിടിവി ദൃശ്യങ്ങള്‍.

© 2024 Live Kerala News. All Rights Reserved.