ബീഹാര്‍ പ്രളയത്തില്‍ 253 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്; ദുരിതമനുഭവിക്കുന്നത് ഒന്നരകോടി ആളുകള്‍

ദുരന്ത ബാധിത ജില്ലകളുടെ പട്ടികയിലേക്ക് പുതിയ ജില്ലയൊന്നും കൂട്ടിച്ചേര്‍ത്തിട്ടില്ല. അരാരി ജില്ലയില്‍ മാത്രം 57 കൊല്ലപ്പെട്ടതായാണ് വിവരം. സീതാമാര്‍ഹി ജില്ലയില്‍ 31ഉം പശ്ചിമ ചാംപാരണ്‍ ജില്ലയില്‍ 29ഉം കാട്ടിഹാറില്‍ 23ഉം, ഈസ്റ്റ് ചാംപരണില്‍ 19ഉം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ പത്രക്കൂറിപ്പിലെ കണക്കുകളാണിവ.
4.21 ലക്ഷം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയതായും കുറിപ്പില്‍ പറയുന്നു. ദേശീയ ദുരന്ത നിവാരണ സേനിയുടെ 28 ടീമുകളിലായി 1,1152 അംഗങ്ങള്‍ ദുരന്ത ബാധിത പ്രദേശത്തെത്തിയിട്ടുണ്ട്. 118 ബോട്ടുകളുമായാണ് രക്ഷാപ്രവര്‍ത്തനം. ഇതിന് പുറമേ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 466 അംഗങ്ങളും ഈ ജില്ലകളിലുണ്ട്. 630 സൈനികരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് കമ്മ്യൂണിറ്റി അടുക്കളകളുടെ എണ്ണം 1,879ല്‍ നിന്നും 2,569 ആയി ഉയര്‍ത്തിയിരുന്നു. വെള്ളപ്പൊക്ക ബാധിച്ച പ്രദേശങ്ങളിലെ 4.92 ലക്ഷം പേര്‍ക്ക് ഇവിടെ നിന്നാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.

അതേസമയം അടുത്ത 24 മണിക്കൂറില്‍ ബീഹാറില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാറ്റ്നാ, ഗയാ, ബഗല്‍പൂര്‍, പൂര്‍നീയ എന്നിവിടങ്ങളില്‍ ഇടിവെട്ടോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

© 2024 Live Kerala News. All Rights Reserved.