അവധിക്കായി വ്യാജരേഖ ചമച്ചെന്ന കേസ്; സെന്‍കുമാറിനെതിരെ ഇന്ന് അന്വേഷണം തുടങ്ങും

തിരുവനന്തപുരം: അവധിയെടുക്കാനായി വ്യാജരേഖ ചമച്ചെന്ന കേസില്‍ മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെതിരായ അന്വേഷണം ഇന്ന് തുടങ്ങും. ആയുര്‍വേദ ചികിത്സയ്ക്കായി അവധിയെടുത്തെന്ന് കാണിച്ച് സെന്‍കുമാര്‍ സമര്‍പ്പിച്ചത് വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആണെന്നാണ് പരാതി.
സെന്‍കുമാറിനെ ചികിത്സിച്ച തിരുവനന്തരുരം ആയുര്‍വേദകോളേജിലെ ഡോക്ടര്‍ അജിത്കുമാറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കന്റോണ്‍മെന്റ് അസി. കമ്മീഷണര്‍ കെ ഇ ബൈജുവിനാണ് കേസിന്റെ അന്വേഷണച്ചുമതല. മ്യൂസിയം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മുന്‍ പൊലീസ് മേധാവിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എട്ടു ലക്ഷം നേടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ വിജിലന്‍സിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാലാണ് ചീഫ് സെക്രട്ടറി നളിനി നെറ്റോ കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചത്.
2016 ജൂണില്‍ സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് പിറ്റേന്നു തന്നെ സെന്‍കുമാര്‍ അവധിയില്‍ പ്രവേശിച്ചു. വ്യക്തിപരമായ കാരണങ്ങളുണ്ടെന്നും ശമ്പളത്തില്‍ പകുതി അനുവദിക്കണമെന്നും സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. പകുതി ശമ്പളത്തിന് അവധി നല്‍കാന്‍ അക്കൗണ്ടന്റ് ജനറലിന് നിര്‍ദ്ദേശവും നല്‍കി. എട്ടുമാസത്തെ അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മെഡിക്കല്‍ ലീവായി പരിഗണിക്കണമെന്ന് പ്രത്യേക അപേക്ഷ നല്‍കി.

തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ ചികിത്സയിലായിരുന്നു എന്ന കാണിക്കുന്ന രേഖകളാണ് സെന്‍കുമാര്‍ സമര്‍പ്പിച്ചത്. രേഖകളില്‍ അസ്വാഭാവികത കണ്ടെത്തിയതിനാല്‍ വിജിലന്‍സ് ഡിവൈഎസ്പി പി ബിജിമോനെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. തുടര്‍ന്ന് ആയുര്‍വേദ കോളേജിലെത്തിയ അന്വേഷണസംഘം ചികിത്സയുമായി ബന്ധപ്പെട്ട രേഖകള്‍ മുഴുവന്‍ പിടിച്ചെടുത്തു.
സെന്‍കുമാര്‍ ആശുപത്രിയിലെ ഒപിയില്‍ എത്തിയെന്ന് പറഞ്ഞ ദിവസങ്ങളിലെ മൊബൈല്‍ ടവര്‍ ലൊക്കേഷനും പരിശോധിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിലാണെന്ന് രേഖയില്‍ കാണിച്ച ദിവസങ്ങളില്‍ സെന്‍കുമാര്‍ എറണാകുളം, കൊല്ലം, അന്നമനട എന്നിവിടങ്ങളിലായിരുന്നെന്നും കണ്ടെത്തി. കണ്ടതായി പറയുന്ന ഡോക്ടറും അതേ ദിവസങ്ങളില്‍ ടവര്‍ ലൊക്കേഷന്‍ പരിധിയില്‍ ഉണ്ടായിരുന്നില്ല.

© 2024 Live Kerala News. All Rights Reserved.