ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ബഹളം; പ്രതിപക്ഷം നടുത്തളത്തിലിറങ്ങി; കെകെ ശൈലജയെ പിന്തുണച്ച് മുഖ്യമന്ത്രി

ബാലാവകാശ കമ്മീഷന്‍ വിവാദത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം എംഎല്‍എമാര്‍ പ്രതിഷേധവുമായി നിയമസഭ നടുത്തളത്തില്‍. ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ആരോഗ്യമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ഹൈക്കോടതി പരാമര്‍ശം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ നിയമസഭയില്‍ അടിയന്തര പ്രമേയം ഉന്നയിച്ചിരുന്നു. അതേസമയം കെകെ ശൈലജ രാജിവെയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി.
കമ്മീഷന്‍ നിയമനത്തില്‍ അസ്വാഭാവികതയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയതില്‍ അപാകതയില്ല. മുന്നില്‍ വന്ന ഫയലിലെ നിര്‍ദേശപ്രകാരമാണ് മന്ത്രി നടപടിയെടുത്തത്. മന്ത്രിയുടെ ഭാഗം കോടതി കേട്ടിട്ടില്ല. ഇത് സാമാന്യ നീതിയുടെ നിഷേധമാണെന്നും ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങിയത്. ബാലാവകാശ കമ്മീഷനിലേക്ക് 103 പേർ അപേക്ഷ നൽകിയിരുന്നെന്നും 40 പേർക്ക് യോഗ്യതയുണ്ടെന്ന് കണ്ടെത്തിയെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്നും അടിയന്തര പ്രമേയം ഉന്നയിച്ച് പ്രതിപക്ഷം ആരോപിച്ചു.
ഇപി ജയരാജനെ കൊണ്ട് രാജിവെയ്പ്പിച്ച മുഖ്യമന്ത്രി എന്ത് കൊണ്ടാണ് ആരോഗ്യ മന്ത്രിയെ കൊണ്ട് രാജിവെയ്പ്പിക്കാത്തത് എന്ന് പ്രതിപക്ഷ എംഎല്‍എ ഷാഫി പറമ്പില്‍ ഉന്നയിച്ചു. ഇപി ജയരാജന് ഒരു നീതിയും ശൈലജയ്ക്ക് മറ്റൊരു നീതിയുമാണ്. മന്ത്രിയുടേത് സ്വജനപക്ഷപാതപരമായ പ്രവര്‍ത്തിയാണെന്ന് കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ സൈബര്‍ പോരാളികളെ പോലെ മുഖ്യമന്ത്രി പെരുമാറരുത് എന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണിതെന്നും പ്രതിപക്ഷ എംഎല്‍എ ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.