തമിഴകത്ത് കണ്ണുംനട്ടു ബിജെപി; അണ്ണാഡിഎംകെ ലയന പ്രഖ്യാപനത്തിന് പിന്നാലെ എന്‍ഡിഎ പ്രവേശന ചര്‍ച്ച; അമിത് ഷാ തമിഴ്‌നാട്ടിലെത്തും

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒ പനീര്‍ശെല്‍വവും എടപ്പാടി പളനിസാമി പക്ഷവും ലയനചര്‍ച്ചകളുടെ അന്തിമഘട്ടത്തിലെത്തിയതോടെ തമിഴക രാഷ്ട്രീയത്തില്‍ പുതുനീക്കത്തിന് ബിജെപി. ബിഹാറില്‍ നിതീഷ്‌കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായതിന് പിന്നാലെ തമിഴ്നാട്ടിലെ എഐഎഡിഎംകെയും സഖ്യത്തിന്റെ ഭാഗമാകാന്‍ തയ്യാറെടുക്കുകയാണ് ബിജെപി. നാളെ അണ്ണാഡിഎംകെ ഇപിഎസ്- ഒപിഎസ് പക്ഷങ്ങള്‍ യോഗം ചേരാനിരിക്കെ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചെന്നൈയ്ക്ക് തിരിക്കാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നീക്കം.
നേരത്തെ നിശ്ചയിച്ചതാണ് ബിജെപി അധ്യക്ഷന്റെ തമിഴ്‌നാട് യാത്രയെങ്കിലും നിലവിലെ സാഹചര്യത്തില്‍ പരിപാടികളില്‍ മാറ്റമുണ്ടാവും.
തിങ്കളാഴ്ച ലയനപ്രഖ്യാപനം ഉണ്ടാകുമെന്ന് അണ്ണാഡിഎംകെ ക്യാമ്പുകള്‍ വ്യക്തമായ സൂചന നല്‍കുമ്പോഴാണ് എന്‍ഡിഎയിലേക്ക് ക്ഷണിക്കാന്‍ ബിജെപി തമിഴകത്ത് എത്തുക. ലയനശേഷം ഇരുവിഭാഗങ്ങളും ഒന്നായി മുന്നണി പ്രവേശനം ചര്‍ച്ച ചെയ്യും. ഇതിന് മുന്നോടിയായ വികെ ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നാണ് സൂചന.
ടിടിവി ദിനകരനെ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കുന്നതില്‍ ഇപിഎസ് പക്ഷത്തെ മുതിര്‍ന്ന നേതാവ് എം തമ്പിദുരൈയ്ക്ക് അത്ര താല്‍പര്യമില്ലാത്തത് വീണ്ടും ഭിന്നിപ്പിന് കാരണമായിരുന്നു. പാര്‍ട്ടി പിടിക്കാന്‍ ദിനകരന്‍ ശ്രമിക്കുന്നതിന് ഇടയില്‍ ലയനം പ്രഖ്യാപിച്ച് ബിജെപിയുടെ തണലില്‍ എന്‍ഡിഎയ്ക്ക് ഒപ്പം ചേര്‍ന്ന് ഭരണം നടത്താനാണ് ഇപിഎസിനും ഒപിഎസിനും താല്‍പര്യം.

ലയനത്തിന്റെ അന്തിമഘട്ട ചര്‍ച്ച നടക്കുന്നതിനിടയില്‍ വിമത സംഘം നേതാവ് ഒ പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടിരുന്നു. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായ ഒ.പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രി പളനിസാമി പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെയായിരുന്നു. ഇരുനേതാക്കള്‍ക്കും ബിജെപി ബന്ധത്തില്‍ താല്‍പര്യമുണ്ടെന്നതിന് തെളിവായിരുന്നു കാത്തുകെട്ടി കിടന്നുള്ള സന്ദര്‍ശനവും ചര്‍ച്ചകളും.
മുമ്പുണ്ടായിരുന്ന അണ്ണാഡിഎംകെ നേതൃത്വത്തെ അപേക്ഷിച്ച് സ്വാധീനശേഷി ശരാശരിയിലും താഴെയായ നേതൃത്വത്തെ വരച്ചവരയില്‍ നിര്‍ത്താനും തമിഴ്നാട്ടിലും വേരുറപ്പിക്കാനും ബിജെപി ഈ അവസരം കൃത്യമായി മുതലെടുക്കുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.