അഞ്ചും പത്തുമല്ല, ചുരുങ്ങിയത് 50 കൊല്ലം ബിജെപി ഇവിടം ഭരിക്കുമെന്ന് അമിത് ഷാ; മുക്കിലും മൂലയിലും താമര വിരിയിക്കുമെന്ന് വീമ്പു പറയലും

ഭോപാല്‍: അടുത്ത അഞ്ചോ പത്തോ വര്‍ഷത്തേക്കല്ല ബിജെപി അധികാരത്തിലിരിക്കുന്നതെന്നും ഏറ്റവും കുറഞ്ഞത് 50 വര്‍ഷമെങ്കിലും പാര്‍ട്ടി രാജ്യം ഭരിക്കുമെന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി പ്രവര്‍ത്തകരോടും അണികളോടും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടാണ് ഭോപാലില്‍ അമിത് ഷാ പ്രസ്താവന നടത്തിയത്. ബിജെപി നിലവില്‍ അതിന്റെ ഏറ്റവും ഉച്ചസ്ഥായിയില്‍ ആണെന്നും കേന്ദ്രത്തില്‍ ഭൂരിപക്ഷത്തിനൊപ്പം സംസ്ഥാനങ്ങളില്‍ 1387 എംഎല്‍എമാര്‍ പാര്‍ട്ടിക്കുണ്ടെന്നും ഓര്‍മ്മിപ്പിച്ച ദേശീയ അധ്യക്ഷന്‍ എന്നിരുന്നാലും ഇതാണ് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമെന്ന് പ്രവര്‍ത്തകരോട് പറഞ്ഞു.
ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും രാജ്യത്ത് എല്ലായിടത്തും താമര വിരിയിക്കണമെന്നതാകണം ലക്ഷ്യമെന്നും അണികളെ അഭിസംബോധന ചെയ്ത് അമിത് ഷാ പറഞ്ഞു.
നമ്മള്‍ 5-10 വര്‍ഷത്തേക്ക് അധികാരത്തില്‍ വന്നതല്ല, ചുരുങ്ങിയത് 50 വര്‍ഷത്തേക്കെങ്കിലുമാണ്. ഈ 40-50 വര്‍ഷത്തിനിടയില്‍ അധികാരത്തിലൂടെ രാജ്യത്ത് പ്രധാനപ്പെട്ട മാറ്റങ്ങള്‍ കൊണ്ടുവരണം.
അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍

മധ്യപ്രദേശ് ബിജെപി ക്യാമ്പിലെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ. മധ്യപ്രദേശില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ എത്തിയത്.

© 2024 Live Kerala News. All Rights Reserved.