‘ഇതൊന്നും പോര’; സ്ഥാനമാനങ്ങളും അധികാരവും വിലങ്ങുതടിയായി; അണ്ണാഡിഎംകെ ലയന പ്രഖ്യാപനം വഴിമുട്ടി

അണ്ണാഡിഎംകെ ലയന ചര്‍ച്ച വഴിമുട്ടിച്ച് പദവികളും പാര്‍ട്ടി സ്ഥാനമാനങ്ങളും പങ്കുവെയ്ക്കുന്നതില്‍ കല്ലുകടി. മടങ്ങി ചെല്ലുമ്പോള്‍ അനുയോജ്യമായ പദവികള്‍ ലഭിക്കണമെന്നതാണ് ഒപിഎസ് ക്യാമ്പിന്റെ ആവശ്യം. നിലവിലെ ഓഫറുകളില്‍ വീണുപോകരുതെന്നാണ് വിമത പക്ഷത്തിലെ ഒരു സംഘം നേതാക്കളുടെ നിലപാട്. ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം മുഖ്യമന്ത്രി പളനിസാമി പ്രഖ്യാപിച്ചതോടെ ലയനം ഉടന്‍ സാധ്യമാകുമെന്നായിരുന്നു കരുതിയിരുന്നത്. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പനീര്‍ശെല്‍വത്തിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് അതൃപ്തി ഉയര്‍ന്നത്.
വിരമിച്ച ജഡ്ജിക്ക് പകരം സിറ്റിങ് ജഡ്ജിയെ കൊണ്ട് തമിഴ് രാഷ്ട്രീയത്തിലെ അതികായയുടെ മരണം അന്വേഷിപ്പിക്കണമെന്നാണ് ഒപിഎസ് പക്ഷത്തെ ചിലരുടെ ആവശ്യം. അതുപോലെ ശശികലയേയും ടിടിവി ദിനകരനേയും പുറത്താക്കണമെന്ന ആവശ്യം പൂര്‍ണമായും അംഗീകരിച്ചിട്ട് മതി ലയനമെന്നും മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിയിലെ സ്ഥാനമാനം, ജനറല്‍ സെക്രട്ടറി പദം അടക്കം കോര്‍പ്പറേഷന്‍ മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളിലെ പദവി എന്നിവ ഒപ്പം നില്‍ക്കുന്നവര്‍ക്ക് വേണ്ടി പലരും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും പളനിസാമി പക്ഷം അംഗീകരിച്ച ശേഷം മതി ലയനപ്രഖ്യാപനമെന്നാണ് ഇന്നലെ വൈകി ചേര്‍ന്ന ഒപിഎസ് പക്ഷത്തെ യോഗത്തിന്റ തീരുമാനം.
അഞ്ച് മണിക്കൂര്‍ നീണ്ട ഒപിഎസ് പക്ഷ യോഗം അവസാനിക്കും വരെ മറീന ബിച്ചീലെ ജനസഞ്ചയം ലയന പ്രഖ്യാപന പ്രതീക്ഷയുമായി കാത്തിരുന്നു. നിരാശയായിരുന്നു ഫലം.

പാര്‍ട്ടി സെക്രട്ടറി സ്ഥാനം പനീര്‍ശെല്‍വത്തിന് എടപ്പാടിയും സംഘവും ഓഫര്‍ ചെയ്തതായും സൂചനയുണ്ട്. എന്നാല്‍ കിട്ടുന്നതും വാങ്ങി ഉടനെടുത്ത് ചാടി ലയനം വേണ്ടെന്നാണ് പനീര്‍ശെല്‍വത്തിന് ഒപ്പമുള്ളവരുടെ ഉപദേശം. മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യം ഒപിഎസ് പക്ഷം ഇപ്പോള്‍ ഉയര്‍ത്തുന്നില്ല. പക്ഷേ ശശികലയേയും സംഘവും ഔദ്യോഗികമായി തന്നെ പാര്‍ട്ടിക്ക് പുറത്തുപോണമെന്ന നിലപാടില്‍ ലവലേശം വെള്ളം ചേര്‍ക്കാന്‍ ഒപിഎസ് തയ്യാറല്ല. ഇക്കാര്യങ്ങളില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ അണ്ണാഡിഎംകെ ലയനമെന്നത് കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്.
ഒപിഎസ്- ഇപിഎസ് ലയന ചര്‍ച്ച പാളുമ്പോള്‍ ചിരിക്കുന്നത് ടിടിവി ദിനകരനാണ്. പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഇതോടെ പണമെറിഞ്ഞ് സജീവമാക്കി കഴിഞ്ഞു ദിനകരനും മന്നാര്‍ഗുഡി മാഫിയയും.

© 2024 Live Kerala News. All Rights Reserved.