ഓണത്തിന് കൈപൊള്ളും; വില നിയന്ത്രിക്കാനുളള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഫലം കണ്ടില്ല; നിത്യോപയോഗ സാധനങ്ങളുടെ വില മുകളിലേക്ക് തന്നെ

ഓണവിപണിയില്‍ വില പിടിച്ചു നിര്‍ത്താനുളള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഫലം കാണുന്നില്ല. നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലകയറ്റമാണ് അനുഭവപ്പെടുന്നത്. സപ്ലൈകോയില്‍ സബ്‌സിഡിയുളള പല സാധനങ്ങളും കിട്ടാനില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
അരി വില പിടിച്ചു നിര്‍ത്താനുളള സര്‍ക്കാര്‍ ശ്രമങ്ങളും ഫലം കാണുന്നില്ല. വടി മട്ട അരിക്ക് കിലോക്ക് 50 രൂപക്ക് മുകളിലാണ് ചില്ലറ വില്‍പ്പനക്കാര്‍ ഈടാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുപ്രകാരം മട്ട അരിയുടെ ശരാശരി വില 43.75 രൂപയാണ്. പഞ്ചസാര കിലോ 45 രൂപക്ക് മുകളിലാണ് ചില്ലറ വില്‍പ്പനക്കാര്‍ വില്‍ക്കുന്നത്. സ്ബസിഡി നിരക്കില്‍ ഒരു കിലോ മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
വെളിച്ചെണ്ണ വില ഒരു മാസത്തിനിടെ ലിറ്ററിന് 15 രൂപയോളം വര്‍ധിച്ചു. ഇക്കണോമിക്‌സ് വകുപ്പിന്റെ വില വിവരപ്പട്ടിക പ്രകാരം ജൂലൈ 17ന് 149 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണക്ക് ഇപ്പോള്‍ 164 രൂപയായി വര്‍ധിച്ചു. ചെറിയ ഉള്ളി വില ഇടക്ക് കുറഞ്ഞെങ്കിലും വീണ്ടും ഉയര്‍ന്ന് 96 രൂപയായി. രണ്ടു മാസം മുന്‍പ് ഉളളിവില 140 രൂപവരെ എത്തിയിരുന്നു. സവാള വില ഇരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞമാസം ശരാശരി 17 രൂപക്ക് ലഭിച്ചിരുന്ന സവാളക്ക് ഇപ്പോള്‍ 35 രൂപക്ക് മുകളിലാണ് വില.

തക്കാളി, കാരറ്റ് വില മാത്രമാണ് അടുത്തിടെ കുറഞ്ഞിട്ടുളളത്. തക്കാളി വില കിലോക്ക് 80 രൂപയില്‍ നിന്ന് 51 രൂപയായും, കാരറ്റിന്റെ വില 69 ല്‍ നിന്ന് 58 ആയും കുറഞ്ഞു.

© 2024 Live Kerala News. All Rights Reserved.