ഹദിയയുടെ സുഹൃത്തിന്റെ പിതാവിനെതിരെ മതസൗഹാര്‍ദ്ദം തകര്‍ക്കല്‍ കുറ്റം; എന്‍ഐഎ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

കൊച്ചി: ഹദിയകേസില്‍ എന്‍ഐഎ കോടതിയില്‍ പ്രഥമവിവരാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹാദിയയുടെ സുഹൃത്ത് ജസ്‌നയുടെ പിതാവ് അബൂബക്കറിനെ പ്രതിയാക്കിയാണ് എഫ്‌ഐആര്‍. അബൂബക്കറിനെതിരെ മതസൗഹാര്‍ദ്ദം തകര്‍ക്കല്‍, ഇതരമതങ്ങളെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
ഹദിയയുടെ വിവാഹവും മതമാറ്റവും എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. റിട്ട. സുപ്രീംകോടതി ജഡ്ജി ആര്‍.വി രവീന്ദ്രനാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. എന്‍ഐഎ അന്വേഷണത്തെ ഷെഫിന്‍ ജഹാന്റെ അഭിഭാഷകര്‍ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് അന്വേഷണ മേല്‍നോട്ടത്തിനായി റിട്ട. ജഡ്ജിയെ കോടതി നിയോഗിച്ചതും. എന്‍ഐഎ അന്വേഷണത്തെ കേരള സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തില്ല.
വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹാദിയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സിബിഐ അല്ലങ്കില്‍ എന്‍ഐഎ കേസ് അന്വേഷിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. സുപ്രീം കോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. എന്‍ഐഎയുടെയും സിബിഐയുടെയും ഉദ്യോഗസ്ഥര്‍ അടങ്ങിയ സംയുക്ത സമിതി കേസ് അന്വേഷിക്കണം. കേരളാ പോലീസിന്റെ കൈവശമാണ് കേസുമായി ബന്ധപ്പെട്ട രേഖകളെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ഹാദിയ, ഷെഫിന്‍ ദമ്പതികളുടെ വിവാഹം അസാധുവാക്കി കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിവാഹത്തിന് യുവതിയുടെ കൂടെ രക്ഷാകര്‍ത്താവായി പോയ സ്ത്രീക്കും ഭര്‍ത്താവിനും വിവാഹം നടത്തികൊടുക്കാനുള്ള അധികാരമില്ല, യുവതിയെ കാണാനില്ലെന്ന് ഹേബിയസ് കോര്‍പ്പസ് കേസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വിവാഹം നടന്നത് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്.

© 2024 Live Kerala News. All Rights Reserved.