ജയലളിതയുടെ മരണത്തില്‍ ജൂഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു; വേദനിലയം മ്യൂസിയമാക്കാനും തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ്

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ്. ജയലളിതയുടെ ആശുപത്രി വാസക്കാലവും മരണത്തില്‍ ആരോപിക്കപ്പെടുന്ന ദുരൂഹതയും അന്വേഷിക്കാനാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉത്തരവിട്ടത്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് മുന്‍ മുഖ്യമന്ത്രിയുടെ മരണം അന്വേഷിക്കുക.
ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന പോയസ് ഗാര്‍ഡനിലെ വസതി വേദനിലയം മ്യൂസിയമാക്കാനും തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടു. ജയലളിതയുടെ തോഴി ശശികലയും അവരുടെ ബന്ധുക്കളുമാണ് ജയയുടെ സ്വത്തുക്കള്‍ ഇപ്പോള്‍ അനുഭവിച്ചുവരുന്നത്. മന്നാര്‍ഗുഡി സംഘത്തിനെ അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കുന്നതിന്റെ ഭാഗമാണ് അന്വേഷണ പ്രഖ്യാപനവും പോയസ് ഗാര്‍ഡന്‍ മ്യൂസിയമാക്കാനുള്ള തീരുമാനവും.

പാര്‍ട്ടിയില്‍ ഒപിഎസ്- ഇപിഎസ് പക്ഷം ഒന്നിക്കുന്നതിന് മുന്നോടിയായി ചേര്‍ന്ന യോഗത്തില്‍ ദിനകരനേയും ശശികലയേയും അപ്രസക്തരാക്കാനുള്ള തീരുമാനമുണ്ടായിരുന്നു. ശശികല പക്ഷത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ലയനത്തിന് തയ്യാറെന്നതായിരുന്നു പനീര്‍ശെല്‍വത്തിന്റെ നിലപാട്.

© 2024 Live Kerala News. All Rights Reserved.