മുരുകന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കും; അഞ്ച് കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ തിരുനെല്‍വേലി സ്വദേശി മുരുകന്‍ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ച മുരുകന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇന്ന് മുരുകന്റെ കുടൂംബം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. പണം ഭാര്യയുടെയും കുട്ടികളുടേയും പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. പണം നേരിട്ട് കയ്യില്‍ നല്‍കിയാല്‍ സുരക്ഷിതമല്ലാത്തതിനാല്‍ നിശ്ചിത കാലത്തേക്ക് പണം ബാങ്കിലിട്ട് പലിശ മുടക്കം കൂടാതെ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. അഞ്ച് കളക്ടര്‍മാരെ സ്ഥലം മാറ്റി നിയമിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു.
സംഭവം വേദനാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രതികരിച്ചിരുന്നു. മുരുകനെ ആറ് ആശുപത്രികള്‍ ചികിത്സ നല്‍കാതെ തിരിച്ചയച്ചുവെന്നും തക്ക സമയത്ത് ചികിത്സ ലഭിക്കാതെ ആ യുവാവ് മരിച്ചുവെന്നുമുളള റിപ്പോര്‍ട്ടുകള്‍ അത്യന്തം വേദനാജനകമാണ്. ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഭാവിയില്‍ ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള സംവിധാനവും ക്രമീകരണവും സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞിരുന്നു.

ചികിത്സ നല്‍കാതെ രോഗിയെ തിരിച്ചയ്ക്കുന്നതു നിയമവിരുദ്ധമായതുകൊണ്ട് ബന്ധപ്പെട്ട ആശുപത്രികള്‍ക്കെതിരെ ഇതിനകം തന്നെ കേസ് എടുത്തിട്ടുമുണ്ടെന്നും ഫെയ്സ്ബുക്ക പോസ്റ്റില്‍ പിണറായി വിജയന്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.