ആഗസ്റ്റ് 15; മോഡിയുടെ ‘പുതിയ ഇന്ത്യ’യ്ക്കായി സ്‌കൂളുകളില്‍ ദേശഭക്തി സൃഷ്ടിക്കണമെന്ന് കേന്ദ്രം; അനുസരിക്കില്ലെന്ന് ബംഗാള്‍

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രിയുടെ ‘പുതിയ ഇന്ത്യ’ എന്ന ദര്‍ശനം സാക്ഷാത്കരിക്കാന്‍ സ്‌കൂളുകളില്‍ ദേശഭക്തി സൃഷ്ടിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. ദേശഭക്തിയും കൂട്ടായ ആവേശവും നിര്‍മ്മിച്ചെടുക്കുന്ന തരത്തിലുള്ള പരിപാടികള്‍ സ്‌കൂളുകളില്‍ നടത്തണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്.
കേന്ദ്ര ഉത്തരവിനെതിരെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ രംഗത്തെത്തി. മോഡി സര്‍ക്കാരിന്റെ ഉത്തരവിന് അനുസരിച്ച് ആഗസ്റ്റ് 15 ആഘോഷിക്കേണ്ടെന്ന തീരുമാനത്തോടെ് മമതാ സര്‍ക്കാരും സര്‍ക്കുലര്‍ പുറത്തിറക്കി. ബംഗാള്‍ സര്‍ക്കാരിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

‘പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ പത്രികയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ വിചിത്രവും നിര്‍ഭാഗ്യകരവുമാണ്. രാഷ്ട്രീയ അജണ്ടയല്ല, ഒരു മതേതര അജണ്ടയാണ് ഉദ്ദേശിക്കുന്നത്. ‘
പ്രകാശ് ജാവദേക്കര്‍

മാനവവിഭവശേഷി മന്ത്രാലയം ജോയിന്റ് സെക്രട്ടറി മനീഷ് ഗാര്‍ഗ് സ്വാതന്ത്ര്യദിനം എങ്ങനെ ആഘോഷിക്കണമെന്ന് കാണിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു. വലിയ രീതിയില്‍ ദേശഭക്തിയും ആഘോഷപ്രതീതിയും സൃഷ്ടിക്കണമെന്നാണ് കത്തിലുള്ളത്. എല്ലാ സ്‌കൂളുകളിലും സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ക്വിസ്-ചിത്രരചനാ മത്സരങ്ങള്‍ നടത്തണം. ക്വിസ് മത്സരത്തിനായുള്ള ചോദ്യങ്ങള്‍ ‘നരേന്ദ്ര മോഡി ആപ്പില്‍’ നിന്നും ഡൗണ്‍ലോഡ് ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.