ശിശുമരണങ്ങള്‍ക്ക് കാരണം മസ്തിഷ്‌ക ജ്വരമെന്ന് ആവര്‍ത്തിച്ച് യോഗി; ‘കുഞ്ഞുങ്ങള്‍ മരിച്ചുവീഴാന്‍ അനുവദിക്കില്ല; പ്രത്യേക സംഘം അന്വേഷിക്കും’; ഗോരഖ്പൂരില്‍ മരണം 70

ഗോരഖ്പൂരിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബിആര്‍ഡി മെഡിക്കല്‍ കോളെജിലെ ശിശുമരണങ്ങള്‍ക്ക് കാരണം മസ്തിഷ്‌ക ജ്വരമാണെന്ന് ആവര്‍ത്തിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശിശുമരണങ്ങളില്‍ സമഗ്ര അന്വേഷണം വേണം. പ്രത്യേക അന്വേഷണ സംഘം മരണങ്ങളെക്കുറിച്ച് അന്വേഷിക്കും. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്ക് എതിരെ നടപടി എടുക്കും.
അതീവ സുരക്ഷയില്‍ ആശുപത്രിയിലെത്തിയതിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജപ്പാന്‍ ജ്വരത്തിന്റെ വ്യാപനം തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ എടുത്തിരുന്നു. മുഖ്യമന്ത്രി ആയതിനുശേഷം തന്റെ മണ്ഡലത്തിലുളള ആശുപത്രി കൂടിയായ ബിആര്‍ഡിക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. ഇപ്പോള്‍ ദുരന്തമുണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാരും എല്ലാ പിന്തുണയും നല്‍കുന്നുണ്ട്.
പുറത്തുവരുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്. ആശുപത്രിക്ക് അകത്തുചെന്ന് മാധ്യമപ്രവര്‍ത്തകര്‍ കാര്യങ്ങള്‍ നേരിട്ട് മനസിലാക്കണം. ആശുപത്രി വാര്‍ഡുകളിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാം. അവരെ തടയരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലങ്ങളായി ഉത്തര്‍പ്രദേശിലെ കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്നത് കണ്ടതാണ് താന്‍. തുടര്‍ന്നും ഇത് സംഭവിക്കാന്‍ അനുവദിക്കില്ലെന്നും വികാരഭരിതനായി മുഖ്യമന്ത്രി വ്യക്തമാക്കി.
ഉച്ചയ്ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയ്‌ക്കൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തുന്നത്. ജനരോഷം ഭയന്ന് കനത്ത സുരക്ഷാവലയമാണ് ഏര്‍പ്പെടുത്തിയിരുന്നത്. അതിനിടെ മരിച്ച കുട്ടികളുടെ എണ്ണം 70 ആയി ഉയര്‍ന്നു. ഓക്‌സിജന്‍ വിതരണത്തിലെ തടസമാണ് കുട്ടികളുടെ മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരും ആശുപത്രി അധികൃതരും ഇത് നിഷേധിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.