അതിരപ്പിള്ളിയില്‍ അണക്കെട്ടാകാമെന്ന് കേന്ദ്ര ജലകമ്മിഷന്‍ റിപ്പോര്‍ട്ട്

 

ന്യൂഡല്‍ഹി: അതിരപ്പിള്ളി വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര ജലകമ്മിഷന്‍ റിപ്പോര്‍ട്ട് അണക്കെട്ടിന് അനുകൂലം. അണക്കെട്ട് നിര്‍മിക്കുന്നതിന് ആവശ്യമായ നീരൊഴുക്ക് ചാലക്കുടി പുഴയില്‍ ഉണ്ട്. പരിസ്ഥിതി മന്ത്രാലയ വിദഗ്ധ സമിതിയുടെ സംശയങ്ങള്‍ക്ക് കെഎസ്ഇബി മറുപടി നല്‍കി. പദ്ധതി സംബന്ധിച്ച പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം ഉടന്‍. പദ്ധതി നടപ്പാക്കണമെങ്കില്‍ കേന്ദ്ര ജലകമ്മിഷന്റെ അനുമതി വേണമെന്നായിരുന്നു കേന്ദ്രനിലപാട്.

ജൈവ വൈവിധ്യത്തിനു ഭീഷണിയുണ്ടാകുമെന്ന കാരണം ചൂണ്ടിക്കാണിച്ചായിരുന്നു പദ്ധതിയെ എതിര്‍ത്തത്. എന്നാല്‍ ഇക്കാര്യം മാത്രം കണക്കിലെടുത്ത് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അനുമതി നിഷേധിക്കരുതെന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വിദഗ്ധ സമിതി വ്യക്തമാക്കിയിരുന്നു. ആവശ്യമായ നീരൊഴുക്കുണ്ടെങ്കില്‍ പദ്ധതിക്ക് അനുമതി നല്‍കാമെന്നും സമിതി വ്യക്തമാക്കിയിരുന്നു.

പദ്ധതി പ്രദേശത്ത് അത്യപൂര്‍വ ജൈവവൈവിധ്യങ്ങളില്ലെന്നാണ് ഇതേക്കുറിച്ചു പഠനം നടത്തിയ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. വംശനാശ ഭീഷണി നേരിടുന്ന മലമുഴക്കി വേഴാമ്പലുകള്‍ മാത്രമാണ് ഈ പ്രദേശത്ത് ഏറെ പ്രാധാന്യം നല്‍കി സംരക്ഷിക്കേണ്ടതായിട്ടുള്ളൂ. അവയെ വേണമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കാനാകും. ജലനിരപ്പുയരുന്നതു ജൈവ വൈവിധ്യത്തെ ഗുരുതരമായി ബാധിക്കില്ല. അതുകൊണ്ടു തന്നെ ജൈവ വൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന വാദത്തിനു പ്രാധാന്യമില്ലെന്നും വിദഗ്ധസമിതി പറഞ്ഞിരുന്നു.

2009ല്‍ അതിരപ്പിള്ളി പദ്ധതിക്ക് യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും എതിര്‍പ്പുകളെത്തുടര്‍ന്നു പാരിസ്ഥിതികാനുമതി റദ്ദാക്കുകയായിരുന്നു. എന്നാല്‍, പദ്ധതിയെ കൈയൊഴിഞ്ഞിട്ടില്ലെന്നു കേന്ദ്രം പിന്നീടു പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.