നിതീഷ് കുമാര്‍ തുടങ്ങി… ശരദ് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്ത് നിന്നും ജെഡിയു നീക്കി; പകരക്കാരനായി വിശ്വസ്തന്‍ ആര്‍പിപി സിങ്

ന്യൂ ഡല്‍ഹി: ബിഹാറില്‍ ബിജെപിയെ കൂട്ടുപിടിച്ചുള്ള നിതീഷ് കുമാറിന്റെ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ച മുതിര്‍ന്ന നേതാവ് ശരദ് യാദവിനെതിരെ പാര്‍ട്ടി നടപടി. രാജ്യസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്നും ജെഡിയു നീക്കി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തന്‍ ആര്‍പിപി സിങാണ് ജെഡിയുവിന്റെ പുതിയ രാജ്യസഭാ കക്ഷി നേതാവ്. പാര്‍ട്ടി വിരുദ്ധ നടപടികള്‍ തുടരുന്ന ആള്‍ക്കെതിരെ ഏകകണ്ഠമായാണ് നടപടിയെടുത്തതെന്ന് ജെഡിയു നേതൃത്വം പ്രതികരിച്ചു.
ബിഹാറില്‍ പിന്തുണ സ്വീകരിച്ചതിന് പുറമേ ജെഡിയു എന്‍ഡിഎയുടെ സഖ്യകക്ഷിയാകാന്‍ ഒരുങ്ങുന്നതിന് മുമ്പായുള്ള നടപടിയായാണ് വിലയിരുത്തല്‍. നേരത്തെ ബിജെപി സഖ്യത്തെ എതിര്‍ത്ത മുതിര്‍ന്ന നേതാവിനോട് ബിജെപിയുമായുളള സഖ്യം അംഗീകരിക്കുന്നില്ലെങ്കില്‍ പുറത്ത് പോകാമെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. ശരത് യാദവിന് ഇഷ്ടമുളളിടത്തേക്ക് പോകാം, അദ്ദേഹം സ്വതന്ത്രനാണ്. ബിജെപിയുമായുളള സഖ്യതീരുമാനം എല്ലാവരും യോജിച്ചെടുത്ത തീരുമാനമായിരുന്നുവെന്നും നിതീഷ് അവകാശപ്പെട്ടിരുന്നു.

ജനതാദള്‍ യുണൈറ്റിഡിന്റെ പിളര്‍പ്പിന്റെ സൂചന നല്‍കി ശരദ് യാദവ് ബിഹാര്‍ പര്യടനം നടത്തിയിരുന്നു. മൂന്ന് ദിവസം കൊണ്ട് സംസ്ഥാനത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ യാത്ര ചെയ്ത് അണികളെ ഒപ്പം നിര്‍ത്താനായിരുന്നു മുതിര്‍ന്ന ജെഡിയു നേതാവിന്റെ ശ്രമം. നിതീഷ് കുമാറിന്റെ വഞ്ചനാപരമായ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞാണ് ശരദ് യാദവ് തന്റെ ബഹുജന്‍ ചൗപാല്‍ യാത്രയ്ക്ക് തുടക്കമിട്ടതും. ഇതാണ് അടിയന്തര നടപടിക്ക് കാരണം.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നിതീഷ് കുമാറിനെ പ്രകോപിപ്പിക്കുകയാണ് സോഷ്യലിസ്റ്റ് നേതാവിന്റെ പുതുതന്ത്രം. പാര്‍ട്ടിയില്‍ നിന്ന് നിതീഷ് കുമാര്‍ പുറത്താക്കുകയാണെങ്കില്‍ ശരദ് യാദവിന്റെ രാജ്യസഭാ സീറ്റിന് ഇളക്കം തട്ടില്ല. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെങ്കില്‍ എംപി സ്ഥാനം രാജിവെയ്‌ക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിനൊപ്പം നിന്ന് നിതീഷ് കുമാറിനെ പരമാവധി പ്രകോപിപ്പിക്കുകയാണ് ശരദ് യാദവ് ലക്ഷ്യമിടുന്നത്. ഇതിനായി ലാലു പ്രസാദ് യാദവിന്റെ ബിജെപിക്ക് എതിരായ മഹാറാലി ഉപയോഗിക്കാനാണ് ശരദ് യാദവിന്റെ നീക്കം.

© 2024 Live Kerala News. All Rights Reserved.