കണ്ടു, കാര്യം പറഞ്ഞു; കൊല്ലപ്പെട്ട സിപിഐഎം പ്രവര്‍ത്തകരുടെ പട്ടികയും ഇടത് എംപിമാര്‍ ധനമന്ത്രി ജെയ്റ്റ്ലിക്ക് കൈമാറി

ന്യൂഡല്‍ഹി: കേരളത്തില്‍ അക്രമ സംഭവങ്ങള്‍ ഇടത് ഭരണത്തില്‍ കൂടുകയാണെന്ന അരുണ്‍ ജെയ്റ്റിലിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഇടത് എംപിമാര്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുമായി കൂടിക്കാഴ്ച്ച നടത്തി. കൊല്ലപ്പെട്ട സിപിഐഎം പ്രവര്‍ത്തകരുടെ പട്ടിക ഇടത് എംപിമാര്‍ ജെയ്റ്റ്‌ലിയ്ക്ക് കൈമാറി. അക്രമ സംഭവങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.
കേരളം സന്ദര്‍ശിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റിലി കേരളത്തില്‍ എല്‍ഡിഎഫ് ഭരണത്തില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കൂടുകയാണെന്നും, ഭരണകക്ഷിയായ സിപിഐഎം അക്രമ സംഭവങ്ങള്‍ അഴിച്ചു വിടാന്‍ ശ്രമിക്കുകയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കുടുംബത്തെയും അരുണ്‍ ജെയ്റ്റ്‌ലി സന്ദര്‍ശിച്ചിരുന്നു.

അക്രമങ്ങളില്‍ പ്രതികരിക്കേണ്ടവര്‍ മൗനം പാലിക്കുകയാണ്. അക്രമങ്ങളിലൂടെ കേരളത്തിലെ ദേശീയപ്രസ്ഥാനങ്ങളെ തകര്‍ക്കാനാവില്ല. കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. തകര്‍ക്കാന്‍ ശ്രമിക്കുന്നതിനനുസരിച്ച് ശക്തി പ്രാപിക്കുമെന്ന് ഓര്‍ക്കണമെന്നും അരുണ്‍ ജെയ്റ്റിലി വ്യക്തമാക്കിയിരുന്നു.