എവറസ്റ്റ് കീഴടക്കി എന്ന് ‘പുളുവടിച്ചു’; കോണ്‍സ്റ്റബിള്‍ ദമ്പതിമാര്‍ക്ക് മഹാരാഷ്ട്ര പൊലീസിന്‍റെ ഡിസ്മിസല്‍ ഓര്‍ഡര്‍

മൗണ്ട് എറവസ്റ്റ് കീഴടക്കി എന്ന് വ്യാജപ്രചരണം നടത്തിയ കോണ്‍സ്റ്റബിള്‍ ദമ്പതിമാരെ പിരിച്ചുവിട്ടു. മോര്‍ഫ് ചെയ്ത ഫോട്ടോയടക്കം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് മൗണ്ട് എവറസ്റ്റ് കീഴടക്കി എന്ന് ഇവര്‍ കള്ളം പറഞ്ഞത്. കഴിഞ്ഞ നവംബറില്‍ ഇരുവരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുറ്റക്കാരാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് മാഹാരാഷ്ട്ര പൊലീസ് ഇരുവരെയും പിരിച്ചു വിടാന്‍ തീരുമാനമെടുത്തത്.
ദമ്പതികള്‍ മൗണ്ട് എവറസ്റ്റ് കീഴടക്കി എന്ന് കള്ളം പറഞ്ഞ് പൊലീസ് സേനയെ തെറ്റിദരിപ്പിക്കുകയും വ്യാജ പ്രചരണം വഴി പൊലീസ് സേനയ്ക്ക് അപമാനമേല്‍പ്പിക്കുകയും ചെയ്‌തെന്ന് മഹാരാഷ്ട്ര പൊലീസ് അഡീഷണല്‍ കമ്മീഷണര്‍ സഹേബ്രോ പാട്ടീല്‍ പറഞ്ഞു. ഡിപ്പാര്‍ട്ട്‌മെന്റില്‍ അറിയിക്കാതെയാണ് ഇരുവരും ലീവെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് മാസം മുന്‍പ് പൊലീസ് ദമ്പതികളോട് വിശദീകരണം തേടിയിരുന്നു.
ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഇന്ത്യന്‍ ദമ്പതികള്‍ തങ്ങളാണെന്ന അവകാശവാദവുമായി ജൂണ്‍ 5ന് ഇരുവരും പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. പ്രാദേശികമായ ചില മൗണ്ടനേയര്‍മാരാണ് സംഭവവുമായി ബന്ധപ്പെട്ട് വാസ്തവം പുറത്തുകൊണ്ടു വന്നത്.

കഴിഞ്ഞ ആഗസ്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ ഇരുവരെയും രാജ്യത്ത് കടക്കുന്നതില്‍ നിന്ന് പത്ത് വര്‍ഷം വിലക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.