സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഡ്രസ്കോഡ് നിര്‍ബന്ധമാക്കി ഹിമാചല്‍ ഹെെക്കോടതി; ജീന്‍സ്, ചെക്ക് ഷര്‍ട്ട്, പ്രിന്‍റഡ് സാരി എന്നിവയ്ക്ക് വിലക്ക്

ജീന്‍സ്, ചെക്ക് ഷര്‍ട്ട്, കളര്‍പ്രിന്റ് ചെയ്ത സാരി തുടങ്ങിയവ ധരിച്ച് ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയില്‍ പ്രവേശിക്കരുതെന്ന് ഉത്തരവ്. നിയമ വ്യവഹാരത്തിലേര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് കോടതി പുതിയ നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കോടതികളിലെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൃത്യമായ ഡ്രസ്കോഡ് പാലിക്കണമെന്നാവശ്യപ്പെട്ട് നിര്‍ദേശം നല്‍കണമെന്ന് ചീഫ് സെക്രട്ടറിയോടും ഹൈക്കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് താര്‍ലോക്ക് സിങ് ചൗഹാന്‍, അജയ് മോഹന്‍ ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ച് കോടതിയുടെ അഭിമാനം ഉയര്‍ത്തുന്ന തരത്തില്‍ ലളിതമായ വസ്ത്രം നിയമവ്യവഹാരവുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തുന്നവര്‍ ധരിക്കണമെന്ന് നിര്‍ദേശിച്ചു.
കോടതിയില്‍ ഹാജരായ ജൂനിയര്‍ എന്‍ജിനിയര്‍ ജീന്‍സും, മള്‍ട്ടി കളര്‍ ഷര്‍ട്ടും ധരിച്ചെത്തിയതോടെയാണ് ഡ്രസ് കോഡുമായി ബന്ധപ്പെട്ട ഉത്തരവ് കോടതി പുറത്തിറക്കിയത്. കേടതിയില്‍ ജഡ്ജിമാരും അഭിഭാഷകരും നിശ്ചിത രീതിയിലുള്ള വസ്ത്രം ഉപയോഗിക്കുന്നത് കോടതിയുടെ അച്ചടക്കവും ആദരവും ഉയര്‍ത്തിപ്പിടിക്കാനാണെന്നും അതിനാല്‍ തന്നെ കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് കോടതിയിലെത്തുന്നവരും ഇത് പാലിക്കണമെന്നും രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.

സര്‍ക്കാരുദ്യോഗസ്ഥരോട് വസ്ത്രധാരണത്തിന് പ്രത്യേക കോഡ് വേണമെന്ന് ആവശ്യപ്പെട്ടതിനു പുറമെ സര്‍ക്കാരോട് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു. കോടതി ഉത്തരവിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ അടിയന്തിരമായി ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറത്തിറക്കി.

© 2024 Live Kerala News. All Rights Reserved.