കേരളത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനെത്തുന്ന ആദിത്യ നാഥിനറിയുമോ, മാസങ്ങളായി നീതി തേടിയലയുന്ന ഉത്തര്‍പ്രദേശിലെ ഈ യുവതിയുടെ ദുരന്ത ജീവിതം

അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായോടൊപ്പം പദയാത്ര നടത്താനൊരുങ്ങുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന് മുന്നിലേക്ക് കൊല്ലപ്പെട്ട സഹോദരന് നീതി തേടി ഉത്തര്‍പ്രദേശിലെ യുവതി. രക്ഷാബന്ധന്‍ ദിനത്തില്‍ മുഖ്യമന്ത്രിയെ കണ്ട് സഹോദരനെ കൊന്നവര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെടാനാണ് അരുണ ത്യാഗിയുടെ 500 കിലോമീറ്റര്‍ പദയാത്ര.
തന്റെ സഹോദരന്‍ പ്രവീണ്‍ ത്യാഗിയെ കൊലപ്പെടുത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും നീതിയ്ക്ക് വേണ്ടിയാണ് തന്റെ യാത്രയെന്നു 48 കാരിയായ അരുണ ത്യാഗി പറഞ്ഞു. അരുണയും മകന്‍ അങ്കിതും ഇപ്പോള്‍ ഷാജഹാന്‍പൂരിലാണ്. രക്ഷാബന്ധന്‍ ദിവസത്തില്‍ ലക്‌നൗവിലെത്താന്‍ യാത്ര വേഗത്തിലാക്കുകയാണ് ഇരുവരും. സഹോദരന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന്റെ വാതില്‍ മുട്ടിയെങ്കിലും ആരും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ ലക്‌നൗവിലേക്ക് തിരിക്കുന്നതെന്ന് അരുണ പറഞ്ഞു.

“എന്റെ സഹോദരനെ കൊന്നവര്‍ അവന്റെ മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ ആസിഡൊഴിച്ച് അവന്റെ മുഖം പോലും വികൃതമാക്കി. അവനു നീതി ലഭിക്കണം. അതിനാണ് തന്റെ ഈ യാത്ര”
അരുണ ത്യാഗി

കിനോദയിലെ മോഡി നഗരില്‍ നിന്നും വിട്ടീലേക്ക് തിരിക്കുന്ന വഴിയാണ് 35കാരനായ പ്രവീണ്‍ ത്യാഗിയെ കാണാതാകുന്നത്. മെയ് 24നാണ് പ്രവീണിന്റെ മൃതദേഹം കണ്ടെത്തുന്നത്. പ്രവീണ്‍ കൊല്ലപ്പെട്ടിട്ട് മൂന്നു മാസം ആകുമ്പോഴും പൊലീസ് അന്വേഷണം എവിടെയും എത്തിയില്ലെന്ന് അരുണ ത്യാഗി പറഞ്ഞു. എന്നാല്‍ കേസ് ക്രെെം ബ്രാഞ്ചിനെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.