ജമ്മു കശ്മീരിലെ സോപോറില്‍ മൂന്ന് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരുക്ക്

ജമ്മു കശ്മീരിലെ സോപോറില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റതായും റിപ്പോര്‍ട്ട്.
സോപോറിലെ അമര്‍ഗഢ് മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസും സൈന്യവും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സും (സിആര്‍പിഎഫ്) ഒരുമിച്ചാണ് പോരാട്ടം നടത്തിയതെന്ന് പൊലീസ് വക്താവ് മനോജ് പണ്ടിത പറഞ്ഞു.
പുലര്‍ച്ചെ രണ്ടു മണിയോടെ തുടങ്ങിയ ഏറ്റുമുട്ടല്‍ 5.55 നാണ് അവസാനിച്ചതെന്നും സൈന്യം വ്യക്തമാക്കി. ആക്രമണം നടന്ന സ്ഥലത്തിന് സമീപത്ത് കൂടുതല്‍ തീവ്രവാദികളുണ്ടോയെന്ന് സൈന്യം പരിശോധിച്ച് വരികയാണ്. ഭീകരരുടെ പക്കല്‍ നിന്നും മൂന്ന് എ.കെ 47 തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലില്‍ പരുക്കേറ്റ ഉദ്യോഗസ്ഥന് ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ കാശ്മീര്‍ കമാന്‍ഡര്‍ അബു ദുജാന അടക്കം രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അബു ദുജാനയ്ക്കായിരുന്നു കശ്മീരിലെ ലഷ്‌കറിന്റെ പ്രവര്‍ത്തനങ്ങളുടെ ചുമതല. പാക്ക് അധിനിവേശ കശ്മീരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍നിന്നും 2010ലാണ് ഇയാള്‍ കശ്മീരിലേക്കു നുഴഞ്ഞുകയറിയത്. 10 ലക്ഷം രൂപയാണ് ദുജാനയുടെ തലയ്ക്കു സര്‍ക്കാര്‍ വിലയിട്ടിരുന്നത്.

© 2024 Live Kerala News. All Rights Reserved.