കേരളീയ ജനസമൂഹത്തിൽ വന്ധ്യതാ ചികിത്സയ്ക്ക് വിധേയരാകുന്ന ദമ്പതികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുന്നു. വിവാഹം കഴിഞ്ഞ് യഥാസമയം സന്താനഭാഗ്യം ഉണ്ടാകാത്തതിന്റെ പേരിൽ കുടുംബകലഹങ്ങളും, വിവാഹബന്ധം വേർപിരിയലും ധാരാളമായി നടക്കുന്നു. ജ്യോതിഷ വീക്ഷണത്തിൽ സന്താനമില്ലാതാകുന്നതിന്റെ കാരണങ്ങൾ എന്തൊക്കെ എന്ന് നോക്കാം. ഒരു വ്യക്തിയുടെ സന്താനലാഭം, സന്താനനാശം, സന്താനഗുണം എന്നിവ ജാതകംകൊണ്ട് അറിയാം. സന്താനമില്ലാതാകുന്ന ജാതകഗ്രഹനിലകളെക്കുറിച്ച് പരിശോധിക്കാം. ജാതകത്തിൽ 5-ാം ഭാവം, 5-ാം ഭാവത്തിലേക്കുള്ള ഗ്രഹദൃഷ്ടികൾ, 5-ാം ഭാവാധിപന്റെ പാപയോഗങ്ങൾ, ഭാവസ്ഥിതി എന്നിവ പ്രധാനമായി നോക്കണം.
5-ാം ഭാവത്തിൽ രാഹു-ശനി-കേതു-ചൊവ്വ എന്നീ ഗ്രഹങ്ങൾ നിൽക്കുന്നത് പൊതുവിൽ നല്ലതല്ല വിശേഷിച്ച് പാപ ദൃഷ്ടിയോട് കൂടിയ രാഹു (ഉദാഹരണം 5ലെ രാഹുവിനെ ശനി നോക്കുക) സന്താനകാരകനായ വ്യാഴം ബലഹീനനായി നീചരാശിയായ മകരത്തിൽ നിൽക്കുക. ലഗ്ന ചന്ദ്രരാശികളുടെ 6-8-12 രാശികളിൽ വ്യാഴം മറഞ്ഞ് നിൽക്കുക. വ്യാഴത്തിന് രാഹുയോഗം, വ്യാഴത്തിന് ഗുളികയോഗം എന്നിവയും സന്താന ജനനത്തെ തടസപ്പെടുത്താം. 5-ാം ഭാവാധിപൻ ആയ ഗ്രഹം ബലഹീനൻ ആയി നിൽക്കുക, പാപഗ്രഹങ്ങളുമായി യോഗം ചെയ്യുക, രാഹു -കേതുക്കളുമായി യോഗം ചെയ്യുക (ഗ്രഹണയോഗം) ലഗ്നാധിപൻ ആയ ഗ്രഹവും, ബുധനും ചേർന്ന് 4-7-8 എന്നീ രാശികളിൽ നിൽക്കുക കഠിന പാപഗ്രഹങ്ങൾ ലഗ്നാൽ 5-6-8-12 രാശികളിൽ നിൽക്കുക (ശനി, ചൊവ്വ, രാഹു,കേതു, സൂര്യൻ എന്നീ ഗ്രഹങ്ങളെ ജ്യോതിഷം പാപ ഗ്രഹങ്ങൾ ആയി പൊതുവിൽ കണക്കാക്കുന്നു). സ്ത്രീ ജാതകത്തിൽ 7ൽ ശുക്രനും, പത്തിൽ ചന്ദ്രനും നിൽക്കുകയും മാതൃസ്ഥാനമായ 4-ാം ഭാവത്തിൽ ഏതെങ്കിലും പാപഗ്രഹം നിൽക്കുകയും ചെയ്യുന്നതും സന്താനതടസ്സം വരുത്തും.
ജാതകചന്ദ്രന്റെ 8ൽ പാപഗ്രഹം നിൽക്കുകയും അവിടേക്കു ശുക്രന്റെയോ വ്യാഴത്തിന്റെയോ ദൃഷ്ടി വരാതിരിക്കുകയും ചെയ്താലും സന്താനതടസ്സം വരാം. 5-ാം രാശിയിൽ വ്യാഴം ഒറ്റയ്ക്ക് നിന്നാൽ ജാതകന് വളരെ വർഷങ്ങൾ കഴിഞ്ഞ് ശ്രേഷ്ഠസന്താനം ഉണ്ടാകും എന്നാൽ സന്താനഗുണം രക്ഷിതാക്കൾക്ക് ലഭിക്കില്ല. പ്രസ്തുത സന്താനത്തെകൊണ്ട് സമൂഹത്തിന് ഉന്നതി ഉണ്ടാകുകയും ചെയ്യും.
ജാതക ലഗ്നത്തിന് പാപഗ്രഹയോഗമോ, ദൃഷ്ടിയോ വരിക, ചന്ദ്രൻ 5-ാം ഭാവത്തിലേക്ക് ദൃഷ്ടി ചെയ്യുക, 7-12 രാശികളിൽ പാപഗ്രഹയോഗം, പാപദൃഷ്ടി എന്നിവ വരികയും ചെയ്താൽ ആ ജാതകനോ, ജാതകയ്ക്കോ ശരിയായ വിവാഹബന്ധമോ ഉത്തമസന്താനമോ ലഭിക്കുക പ്രയാസമാണ്.
വ്യാഴത്തിന്റെയും 5-ാം ഭാവാധിപന്റെയും ബലഹാനിയും സന്താന തടസം വരുത്താം. പുരുഷ ജാതകത്തിലെ കുജന്റെ മൗഢ്യം, നീചത്വം, പാപഗ്രഹണയോഗങ്ങൾ, ലഗ്നത്തിന്റെ 6-8-12ലെ സ്ഥിതി എന്നിവ ശാരീരിക ലൈംഗിക ശേഷിയെ കുറയ്ക്കും. അതും സന്താന തടസം വരുത്താം. ഇത് സ്ത്രീ ജാതകത്തിൽ ആയാൽ ഹോർമോൺ തകരാറുകൾ വരും. വ്യാഴത്തിന്റെ നീചത്വവും, മൗഡ്യവും പുരുഷ ജാതകത്തിൽ വന്നാൽ ബീജസംഖ്യം കുറയും. സ്ത്രീ ജാതകത്തിൽ ചന്ദ്രൻ അമാവാസി, കൃഷ്ണപക്ഷം, അഷ്ടമി, ചതുർഥി തിഥികളിൽ നിന്നാൽ സന്താനഹാനി, പ്രസവസമയത്തെ തകരാറുകൾ, പരിചരണമില്ലായ്മ എന്നിവ ഫലം. ശുക്രന്റെ ബലഹീനതമൂലം ലൈംഗികാസക്തി കുറവ്, ഗർഭാശയത്തിന്റെ വളർച്ച കുറവ് ഹോർമോൺ തകരാറുകൾ എന്നിവ വരാം. 5-ാം ഭാവത്തിൽ പൂർണമായും പാപഗ്രഹദോഷം ഉള്ളസ്ത്രീക്ക് സന്താന ഭാഗ്യവും കുറയും. 5-ാം ഭാവാധിപൻ പാപയോഗത്തോടെ 8ൽ നിന്നാൽ പ്രസവസമയം മാതാവിന് മരണം സംഭവിക്കാം. 6ൽ നിന്നാൽ സന്താന ജനനശേഷം മാതാവ് രോഗിയാകാം.
ജാതകത്തിലെ അഷ്ടകവർഗ്ഗഫലത്തിൽ 5-9 രാശികളിൽ 20ൽ താഴെ മാത്രം അഷ്ടകവർഗ ബിന്ദുക്കൾ വരുന്നതും സന്താനഭാഗ്യത്തെ ദോഷകരമായി ബാധിക്കും. ഈ വിഷയത്തിൽ രത്ന ശാസ്ത്രപ്രകാരം 5ാം ഭാവാധിപൻ 9-ാം ഭാവാധിപൻ, ലഗ്നാധിപൻ എന്നീ ഗ്രഹങ്ങളുടെ രത്നം നിശ്ചയിച്ച് ധരിക്കുക.
മഞ്ഞപുഷ്യരാഗം, ചുവന്ന പവിഴം, മുത്ത്, ചന്ദ്രകാന്തം, വജ്രം, മരതകം, പെരിഡോട്ട് എന്നിവയാണ് പൊതുവിൽ നിർദേഷിക്കപ്പെടുന്നത്.
മഞ്ഞപുഷ്യരാഗം വ്യാഴത്തിന്റെ രത്നം, സന്താനകാരകനായ വ്യാഴത്തിന്റെ ഈ രത്നം വിധിപ്രകാരം ധരിച്ചാൽ ഭാഗ്യവർധന, സന്താപ്രാപ്തി, സന്താനസൗഖ്യം എന്നിവയുണ്ടാകും. ഹോർമോൺ തകരാറുകൾ, ബീജ സംഖ്യയിലെ കുറവ് എന്നിവ പരിഹരിക്കും. കടല ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ബീജസംഖ്യ വർധിപ്പിക്കും. സ്ത്രീകൾക്ക് ഗർഭകാലത്ത് സൗഖ്യം നൽകും. ഗർഭധാരണ ക്ഷമത വർധിപ്പിക്കും. ഈ രത്നം വ്യാഴാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം മോതിരവിരലിലോ, ചൂണ്ട് വിരലിലോ ആദ്യമായി ധരിക്കുക. ശ്രീകൃഷ്ണക്ഷേത്രത്തിൽ പൂജിച്ച് ധരിക്കാം. സന്താനഗോപാലമന്ത്രത്താൽ അർച്ചന ചെയ്തും ധരിക്കാം. മഞ്ഞപുഷ്യരാഗം 2 മുതൽ 5 കാരറ്റ് വരെ ധരിക്കാം.
ചുവന്ന പവിഴം ചൊവ്വയുടെ രത്നം- ശാരീരിക ശേഷിക്കുറവ്, ഉണർവ് ഇല്ലായ്മ, ഉത്തേജനകുറവ് എന്നിവ പരിഹരിക്കുവാൻ ഉത്തമം.
പവിഴം ധരിച്ച് സ്ത്രീകൾക്ക് ഹോർമോൺ തകരാറുകൾ പരിഹരിക്കാം. ജീവിതത്തോടുള്ള ആഭിമുഖ്യം വർധിപ്പിക്കും. ധൈര്യം വർധിക്കും, ഭയപ്പാടുകൾ അകലും. മോതിര വിരലിൽ ചൊവ്വാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം ധരിക്കാം. ജപ്പാനിൽ നിന്നുള്ള പവിഴങ്ങൾക്ക് ഗുണഫലം കൂടും. ഇറ്റാലിയൻ പവിഴവും ധരിക്കാം. എന്നാൽ തായ്വാൻ പവിഴം അത്ര ഗുണമേന്മ ഇല്ല. 5 മുതൽ 10 കാരറ്റ് വരെ ധരിക്കാം.
മുത്ത് സ്ത്രീ ജാതകത്തിൽ മാതൃത്ത്വത്തിന് തടസമായി നിൽക്കുന്ന സർവ്വദോഷങ്ങളെയും മാറ്റാൻ ശേഷിയുള്ള രത്നം. സ്ത്രീ ശരീരത്തിന്റെ ചൂട് കുറച്ച് ഗർഭധാരണശേഷി വർധിപ്പിക്കും. സൗമ്യത നൽകും, ശാന്തത നൽകും, മാതൃത്വവുമായി ബന്ധപ്പെട്ട ഹോർമോണുകൾ വർധിക്കും. മുത്തും പവിഴവും ഒരുമിച്ച് ധരിക്കുന്നതും ഗുണപ്രദമാണ്. മുത്ത് മാലയായി 108എണ്ണം ധരിക്കുന്നതാണ് ഉത്തമം. മോതിരമായി ധരിക്കുമ്പോൾ 3 മുതൽ 10 കാരറ്റ് വരെ ധരിക്കാം. ശരാശരി 3-5 കാരറ്റ് വരെ ധരിക്കുക. മുത്തിന്റെ ഉപരത്നമായ ചന്ദ്രകാന്തവും മേൽപ്പറഞ്ഞ ഫലങ്ങൾ നൽകും 3 മുതൽ 5 കാരറ്റ് വരെ ധരിക്കാം. തിങ്കളാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം മോതിരവിരലിൽ ധരിക്കാം.
വജ്രം സ്ത്രീകളിലെയും-പുരുഷന്മാരിലേയും ലൈംഗിക വിരക്തി പരിഹരിക്കും. ഹോർമോൺ പ്രവർത്തനത്തെ ഉത്തേജിപ്പിക്കും. ജാതക പ്രകാരം അനുകൂലമാണെങ്കിൽ മാത്രം സന്താന വിഷയത്തിൽ വജ്രം ധരിക്കുക.
മരതകം ഗർഭകാലത്ത് ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണുന്നവർക്കും, തുടർച്ചയായി ഗർഭ നഷ്ടം വരുന്നവർക്കും മരതകവും അതിന്റെ ഉപരത്നങ്ങളും (പെരിഡോട്ട്, ജെയ്ഡ്) ധരിക്കുന്നത് ശുഭകരമായ ഫലം നൽകും. ശരീരത്തിലെ ഞരമ്പുകൾക്ക് ഉത്തേജനം നൽകും. രക്ത സമ്മർദ്ദം കുറയും. സൗമ്യത, സമാധാനം എന്നിവ നൽകും. ബുധനാഴ്ച രാവിലെ ധരിക്കുക. മോതിരവിരൽ/നടുവിരൽ എന്നിവയിൽ ധരിക്കാം. മറ്റ് രത്നങ്ങളും ജാതക പ്രകാരം 5-ാം ഭാവത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കും എങ്കിൽ ധരിക്കാം. ഗർഭകാലത്തെ ഭീതി, ഭയം എന്നിവ ഒഴിവാക്കാൻ സ്ഫടികമാല, സ്ഫടിക മോതിരം, സ്ഫടിക ചെയിൻ എന്നിവയും ധരിക്കാം. ദമ്പതികളുടെ ജാതക പരിശോധന പ്രകാരം മാത്രം രത്നം നിർണയിച്ച് ധരിക്കുക. ഗർഭിണികൾ 7 മാസം കഴിഞ്ഞ് പുതിയതായി രത്നങ്ങൾ ധരിക്കരുത്. മുൻപ് ധരിച്ചിട്ടുള്ള രത്നങ്ങൾ തുടരുക. വെള്ളിയിൽ രത്നങ്ങൾ ധരിക്കുന്നതാണ് ഉത്തമം. സ്വർണത്തിലും ആകാം. ഉത്തമജ്യോതിഷ രത്നശാസ്ത്ര പണ്ഡിതന്റെ മേൽനോട്ടത്തിൽ മാത്രം സന്താനവിഷയത്തിൽ രത്നം ധരിക്കുന്നതാണ് ഉത്തമം.