‘രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ടക്ക് സ്റ്റേ ഇല്ല’; കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീംകോടതി തളളി

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ആകാമെന്ന് സുപ്രീം കോടതി. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട സ്‌റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീം കോടതി തളളി. സ്റ്റേ അനുവദിക്കേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്‍കി. ഹര്‍ജി നല്‍കിയത് വളരെ വൈകിയാണെന്ന് കോടതി. നോട്ട വേണമെന്ന് 2014 ലെ വിധിയുണ്ട്. നോട്ട വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. ഹര്‍ജി സെപ്തംബര്‍ 13ന് വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തളളിയത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ഉള്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കിയിരുന്നു. എംഎല്‍എമാരുടെ കൂറുമാറ്റത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കോണ്‍ഗ്രസിനെ കൂടുതല്‍ വെട്ടിലാക്കുന്നതാണ് നോട്ട തീരുമാനം.
ഗുജറാത്തില്‍ അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ പ്രവേശം അനിശ്ചിതത്വത്തിലാക്കുന്ന നീക്കങ്ങളാണ് പാര്‍ട്ടിക്ക് തലവേദനയായിരിക്കുന്നത്. മുതിര്‍ന്ന നേതാവ് ശങ്കര്‍സിങ് വഗേല രാജിവെച്ചതിനു പിന്നാലെ എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകുന്നതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു.

© 2024 Live Kerala News. All Rights Reserved.