‘കേന്ദ്ര പശു മന്ത്രാലയം’ ഉടനുണ്ടായേക്കും; മോഡി സര്‍ക്കാര്‍ പശുക്ഷേമ വകുപ്പിന് പദ്ധതിയിടുന്നതായി അമിത് ഷാ

ന്യൂഡല്‍ഹി: കേന്ദ്ര പശു മന്ത്രാലയം ഉടന്‍ രൂപീകരിക്കാന്‍ സാധ്യത. നരേന്ദ്ര മോഡി സര്‍ക്കാര്‍ പശുക്കള്‍ക്കായി പ്രത്യേക വകുപ്പ് തുടങ്ങുന്നതിനേക്കുറിച്ച് പദ്ധതിയിടുന്നതായി അമിത് ഷാ വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ത്രിദിന സന്ദര്‍ശനത്തിനിടെയായിരുന്നു ബിജെപി ദേശീയ അദ്ധ്യക്ഷന്റെ പ്രതികരണം.

‘ഗോക്കള്‍ക്കായി ഒരു മന്ത്രാലയം രൂപീകരിക്കണമെന്ന് ധാരാളം നിര്‍ദ്ദേശങ്ങളുണ്ട്. ചര്‍ച്ചകള്‍ നടക്കുകയാണ്.’
അമിത് ഷാ

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അമിത് ഷാ നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. പശു വകുപ്പ് വേണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് യോഗി ആദിത്യനാഥ് ആണെന്നാണ് യു പി ബിജെപിയുടെ അവകാശവാദം. 2014ല്‍ നരേന്ദ്ര മോഡി അധികാരത്തില്‍ വന്നപ്പോള്‍ ആദിത്യനാഥ് പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടതായും ബിജെപി പറയുന്നു. പശുവിന് ശര്‍ക്കര കൊടുത്ത ശേഷമാണ് ആദിത്യനാഥ് തന്റെ ഓരോ ദിവസവും തുടങ്ങുന്നത്. ‘സേവ് കൗ’ എന്ന പേരില്‍ പത്ത് വര്‍ഷമായി യോഗി ആദിത്യനാഥ് പ്രചരണ പരിപാടിയും നടത്തുന്നുണ്ട്.
ഗോ സംരക്ഷണത്തിന്റെ പേരില്‍ നിയമം കയ്യില്ലെടുക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കിരയായി നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആക്രമിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ്. ഗോ ഹത്യ നടത്തിയെന്നാരോപിച്ച് ചത്ത പശുവിന്റെ തൊലിയുരിച്ച ദളിത് യുവാക്കളെ നഗ്നരാക്കി മര്‍ദ്ദിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പശുവിനെ കടത്തുകയാണെന്ന് ആരോപിച്ചാണ് ദേശീയ പാതയില്‍ കാവല്‍ നിന്ന അക്രമിസംഘം പെഹ്‌ലു ഖാനെ തല്ലിക്കൊന്നത്.

© 2024 Live Kerala News. All Rights Reserved.