ഷെരീഫിന് ശേഷം ആര്?; പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ പാക് നാഷണല്‍ അസംബ്ലി ഇന്ന് ചേരും

പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ പാകിസ്താന്‍ ദേശീയ അസംബ്ലി ഇന്നു ചേരും. നവാസ് ഷെരീഫിന്റെ രാജിയെ തുടര്‍ന്ന് പ്രസിഡന്റ് മഹ്മദ് ഹുസൈന്‍ ഇന്ന് പ്രത്യേക ദേശീയ അസംബ്ലി മൂന്നു മണിയ്ക്ക് ചേരാന്‍ നിര്‍ദേശം നല്‍കി.
ഭരണത്തിലുള്ള പാകിസ്താന്‍ മുസ്ലിം ലീഗിലെ ഷാഹിദ് ഖഖാന്‍ അബ്ബാസിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കാനാണ് സാധ്യത. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് മത്സരിച്ചാലും 342 സഭയില്‍ 188 സീറ്റുകളുള്ള പാകിസ്താന്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ഖഖന്‍ അബ്ബാസിയെ പരാജയപ്പെടുത്താനാകില്ല. അതേ സമയം പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പ്രതിപക്ഷത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്‌റി- ഇ-ഇന്‍സാഫ് അവാമി മുസ്ലീം ലീഗ് നേതാവ് ഷെയ്ക്ക് റാഷിദിന് പിന്തുണ നല്‍കി. എന്നാല്‍ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ഷെയ്ക്ക് റാഷിദിന് പിന്തുണ നല്‍കില്ലെന്ന് പ്രഖ്യാപിച്ചു. ഖുര്‍ഷീദ് ഷായുടെയും നവീദ് ഖമറിന്റെയും പേരുകളാണ് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പരിഗണനയിലുള്ളത്.

പനാമ കേസില്‍ പാക് സുപ്രീം കോടതി കുറ്റക്കാരനാണെന്ന് വിധിച്ചതിനു പിന്നാലെയാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെച്ചത്. അഴിമതികേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ രാജിവെക്കാന്‍ സുപ്രീം കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.