‘ദുര്‍മുഖം കാണിക്കുന്നതും തര്‍ക്കിക്കുന്നതും നിര്‍ത്തിക്കോണം’; ബിജെപി കൂട്ടുകെട്ടില്‍ അതൃപ്തി കാണിച്ച ശരദ് യാദവിനോട് വായടക്കാന്‍ നിതീഷ് കുമാര്‍

നീരസം പ്രകടിപ്പിക്കുന്നതും തര്‍ക്കിക്കുന്നതും അവസാനിപ്പിക്കണമെന്ന് ശരദ് യാദവിനോട് നിതീഷ് കുമാര്‍. ബിഹാറില്‍ ബിജെപിയുമായി ജെഡിയു കൂട്ടുകൂടിയതില്‍ അതൃപ്തി പ്രകടിപ്പിച്ച ദേശീയ അധ്യക്ഷനോട് കടുത്ത സ്വരത്തിലാണ് നിതീഷ് കുമാറിന്റെ താക്കീത്. പാര്‍ട്ടി വേദികളില്‍ തീരുമാനം സംബന്ധിച്ച് നീരസം കാണിക്കുന്നത് അവസാനിപ്പിക്കണമെന്ന സന്ദേശത്തില്‍ ഭീഷണിയുടെ സ്വരമുണ്ട്. ജെഡിയുവിലെ ഭിന്നത മറനീക്കി പുറത്തു വരുന്നതോടെയാണ് കര്‍ശന നിലപാടുമായി നിതീഷ് കുമാര്‍ നേതാക്കളെ ഒതുക്കി നിര്‍ത്താന്‍ ശ്രമം തുടങ്ങിയത്.
ജനതാദള്‍ യുണൈറ്റഡിന്റെ ദേശീയ എക്‌സിക്യൂട്ടീവ് ചേരാനിരിക്കെയാണ് ബിജെപി കൂട്ടുകെട്ടില്‍ വിമത സ്വരം ഉയര്‍ത്തുന്ന ശരദ് യാദവിനോട് വായടക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. പാട്‌നയില്‍ ആഗസ്ത് 19ന് ആണ് ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗം ചേരുക. ഈ യോഗത്തില്‍ പാര്‍ട്ടി ദേശീയ തലത്തില്‍ എന്‍ഡിഎ സഖ്യത്തിനൊപ്പം നില്‍ക്കുന്നതും സഖ്യകക്ഷിയാകുന്നതും ചര്‍ച്ച ചെയ്യുമെന്നിരിക്കെയാണ് പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ് ഇല്ലാതാക്കാനുള്ള നിതീഷ് ശ്രമം.
നേരത്തെ ജെഡിയു കേരളാ ഘടകം ബിജെപിക്ക് ഒപ്പം ചേര്‍ന്ന നിതീഷ് കുമാറിന്റെ നടപടിയെ ശക്തമായി എതിര്‍ത്ത് ഇനി നിതീഷിനൊപ്പമില്ലെന്ന് നിലപാടെടുത്തിരുന്നു. ശരദ് യാദവിനെ കണ്ട് ശക്തമായി ബിഹാര്‍ മുഖ്യമന്ത്രിയുടെ തീരുമാനത്തെ ചെറുക്കാന്‍ സംസ്ഥാന ഘടകം അധ്യക്ഷന്‍ എംപി വീരേന്ദ്ര കുമാര്‍ എംപി ആവശ്യപ്പെട്ടിരുന്നു.

ഒരു ദശകത്തോളും പാര്‍ട്ടി അധ്യക്ഷനായിരുന്ന ശരദ് യാദവ് കഴിഞ്ഞ വര്‍ഷമാണ് നിതീഷ് കുമാറിന് വേണ്ടി വഴിമാറി കൊടുത്തത്. ബിജെപിക്കെതിരായി കര്‍ശന നിലപാട് പുലര്‍ത്തുന്ന സോഷ്യലിസ്റ്റ് നേതാവ് എന്നാല്‍ ബിജെപിയുടെ ചാക്കിട്ടുപിടുത്തത്തിലും പ്രീണനത്തിലും വീണില്ല. കേന്ദ്രമന്ത്രി സ്ഥാനം ഓഫര്‍ ചെയ്ത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്്‌ലി വിളിച്ചിരുന്നെങ്കിലും ബിജെപി മന്ത്രിസഭയിലേക്കില്ലെന്ന് യാദവ് തുറന്നടിച്ചു. ബിജെപിയെ ഇനിയും ദേശീയ തലത്തില്‍ എതിര്‍ക്കുമെന്ന് പറയാനും അദ്ദേഹം തയ്യാറായി. നിതീഷ് കുമാറിന്റെ തീരുമാനം നിര്‍ഭാഗ്യകരമെന്നും ഇതിന് വേണ്ടിയല്ല ജനങ്ങള്‍ വോട്ട് ചെയ്തതെന്നും യാദവ് പരസ്യ പ്രതികരണം നടത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.