ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അബു ദുജാനയെ അടക്കം രണ്ടു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരസംഘടനയായ ലഷ്‌കര്‍ തൊയ്ബയുടെ കാശ്മീര്‍ കമാന്‍ഡര്‍ അബു ദുജാന അടക്കം രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കി. അബു ദുജാനയും ഇയാളുടെ സഹായി ആരിഫുമാണ് കൊല്ലപ്പെട്ടതെന്നാണു റിപ്പോര്‍ട്ട്.
ഹക്രിപ്പോര ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യമുള്ളതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രാവിലെ ഒന്‍പതര വരെ കനത്ത ഏറ്റുമുട്ടലായിരുന്നു. പിന്നീടു ഭീകരരെ പുറത്തുചാടിക്കാന്‍ സുരക്ഷാസേന വീടിനു തീയിട്ടു. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇരുവരുടെയും മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സേന. അതേസമയം, സേനയ്ക്കുനേരെ ജനക്കൂട്ടത്തില്‍നിന്നു കല്ലേറുണ്ടാകുന്നുണ്ട്.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അബു ദുജാനയ്ക്കായിരുന്നു കശ്മീരിലെ ലഷ്‌കറിന്റെ പ്രവര്‍ത്തനങ്ങളുടെ ചുമതല. പാക്ക് അധിനിവേശ കശ്മീരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍നിന്നും 2010ലാണ് ഇയാള്‍ കശ്മീരിലേക്കു നുഴഞ്ഞുകയറിയത്. 10 ലക്ഷം രൂപയാണ് ദുജാനയുടെ തലയ്ക്കു സര്‍ക്കാര്‍ വിലയിട്ടിരുന്നത്. ദുജാനയുടെ വധത്തോടെ സമീപകാലത്തെ സുരക്ഷാ സേനയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായാണ് വിലയിരുത്തുന്നത്.

2014 മുതല്‍ ലഷ്‌കര്‍ ഇ തൊയ്ബയില്‍ സജീവമാണ് ദുജാന. ഏറ്റവും അപകടകാരിയായ ഭീകരരില്‍ ഒരാളായാണ് ദുജാനയെ കാണുന്നത്. അടുത്തിടെ, അമര്‍നാഥ് യാത്രക്കാര്‍ക്കുനേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലഷ്‌കര്‍ കമാന്‍ഡറായ അബു ഇസ്മായില്‍ ആയിരുന്നു. ദുജാനയുടെ അടുത്ത അനുയായിയും പിന്‍ഗാമിയും ഇസ്മയില്‍ ആണെന്നാണ് പൊലീസ് കരുതുന്നത്. മേഖലയിലെ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് ഡിജിപി എസ്പി വായിദ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.