രണ്ടാഴ്ചത്തെ ഒളിവ് ജീവിതം, ഒടുവില്‍ അപ്പുണ്ണി ഹാജരായി; ‘നടിയെ ആക്രമിച്ച കേസില്‍ എനിക്ക് പങ്കില്ല’; ചോദ്യം ചെയ്യല്‍ തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരായ അപ്പുണ്ണി രണ്ടാഴ്ച്ചയായി ഒളിവിലായിരുന്നു. നടിയെ ആക്രമിച്ച കേസുമായി തനിക്ക് ബന്ധമില്ലെന്ന് അപ്പുണ്ണി മാധ്യമങ്ങളോട് പറഞ്ഞു.
അപ്പുണ്ണിയുടെ മൊഴി ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ദിലീപിന് നിര്‍ണായകമാണ്. ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന് അറിയപ്പെടുന്ന അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. നിലവില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ അപ്പുണ്ണിയെ പ്രതി ചേര്‍ത്തിട്ടില്ല. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം നിയമാനുസൃതമായ നടപടിയുണ്ടായേക്കും.

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിക്ക് അറിയാമെന്നും അപ്പുണ്ണി പ്രതിയാകുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പള്‍സര്‍ സുനിക്ക് പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചതും അപ്പുണ്ണിയാണെന്നാണ് വിവരം. പള്‍സറുമായി അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതിനും ഫോണ്‍ സംഭാഷണത്തിനും പൊലീസിന്റെ കൈവശം തെളിവുകളുണ്ട്.
മുഖ്യപ്രതിയായ പള്‍സര്‍ സുനി ജയിലില്‍ നിന്ന് അപ്പുണ്ണിയുടെ ഫോണിലേക്ക് വിളിച്ചതിന് തെളിവുണ്ട്. ഈ സമയത്ത് ദിലീപും അപ്പുണ്ണിയും ഒരേ ടവറിന് കീഴിലുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു.പള്‍സര്‍ സുനി മാനേജരെ വിളിച്ചത് ദിലീപുമായി സംസാരിക്കാനായിരുന്നോ എന്ന കാര്യത്തിലും പൊലീസിന് വ്യക്തത വരുത്തണം.
അപ്പുണ്ണിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു. അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഭീഷണിയും മൂന്നാംമുറയും ഉണ്ടാകുമെന്ന് ഇയാള്‍ ഹര്‍ജിയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിയമപ്രകാരം മാത്രമേ ചോദ്യം ചെയ്യുന്നുള്ളൂ എന്ന ഉറപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

© 2023 Live Kerala News. All Rights Reserved.