ജിന്‍പോള്‍ ലാലിനെതിരായ കേസ്: നടി അഭിനയിച്ച ഭാഗങ്ങളില്‍ മറ്റൊരാളുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് പൊലീസ്

സംവിധായകന്‍ ജീന്‍പോള്‍ ലാലിനെതിരെ നടി കൊടുത്ത പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ്. ഹണീബി 2 വില്‍ നടി അഭിനയിച്ച സിനിമാ ഭാഗങ്ങളില്‍ മറ്റൊരു നടിയുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ചിരിക്കുന്നുവെന്ന് പൊലീസ് കണ്ടെത്തി. സിനിമയുടെ സിഡി പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന് ഇക്കാര്യം വ്യക്തമായത്. ബോഡി ഡബിള്‍ ഉപയോഗിക്കുന്നതിന്റെ നിയമവശം പൊലീസ് പരിശോധിക്കും.
ഹണീബി ടു എന്ന സിനിമയില്‍ തന്റെ അനുവാദമില്ലാതെ ബോഡി ഡബിളിനെ ഉപയോഗിച്ചുവെന്ന് നടി പരാതി നല്‍കിയിരുന്നു. സീനടക്കമുളള വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടി മൊഴി നല്‍കിയത്. തുടര്‍ന്ന് സിനിമയുടെ സെന്‍സര്‍ കോപ്പി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഹണി ബീ-2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിന് സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അടക്കമുള്ളവര്‍ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു.
കൊച്ചി റമദ ഹോട്ടലില്‍ ഹണി ബീ-2 സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ഹോട്ടലിന്റെ പുറം ഒരു വിമാനത്താവളമായാണ് ചിത്രീകരിച്ചത്. അവിടെ നടിയുടെ കഥാപാത്രം വന്നിറങ്ങുന്നത് ചിത്രീകരിക്കേണ്ടിയിരുന്നു. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ സഹസംവിധായകന്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും താന്‍ വിയോജിപ്പറിയിച്ച രംഗം ഡ്യൂപ്പിനെ വച്ച് സിനിമയില്‍ ഉപയോഗിച്ചുവെന്നുമാണ് പരാതി.

© 2023 Live Kerala News. All Rights Reserved.