ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ചത് എട്ടംഗ സംഘമെന്ന് സിസിടിവി ദൃശ്യങ്ങള്‍; മൂന്നുപേരെ പൊലീസ് പിടികൂടി; അക്രമികള്‍ എത്തിയത് നാലുബൈക്കുകളില്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിന്റെ വീട് ആക്രമിച്ച കേസിലെ മൂന്നുപേരെ പൊലീസ് പിടികൂടി. പ്രത്യേക അന്വേഷണ സംഘം പിടികൂടിയ പ്രതികളെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. വീടിന് അടുത്തുളള വര്‍ക്ക്‌ഷോപ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. നാലുബൈക്കുകളിലായി എത്തിയ എട്ടുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്.
വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം നഗരത്തില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം രൂക്ഷമായത്. സിപിഐഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണമുണ്ടായി. പിന്നാലെ ബിജെപിയുടെ സംസ്ഥാന സമിതി ഓഫിസും ബിനീഷ് കോടിയേരിയുടെ വീടും ആക്രമിക്കപ്പെട്ടു. ബിജെപി ഓഫിസ് ആക്രമിച്ച സംഘത്തിലെ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഐപി ബിനു ഉള്‍പ്പെടെ അഞ്ചു സിപിഐഎം പ്രവര്‍ത്തകരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ആറു ബിജെപി പ്രവര്‍ത്തകരും അറസ്റ്റിലാണ്. കനത്ത സുരക്ഷയൊരുക്കിയിരിക്കുന്ന നഗരത്തില്‍ നിരോധനാജ്ഞയും നിലവിലുണ്ട്.

© 2023 Live Kerala News. All Rights Reserved.