വെള്ളപ്പൊക്കത്തില്‍ മരിച്ചത് 600 പേര്‍, സംസ്ഥാനങ്ങള്‍ ദുരിതാശ്വാസ നിധിയില്‍ അടയിരിക്കുന്നെന്ന് കേന്ദ്രം; ഗുജറാത്തിന് അധിക തുക നല്‍കിയതിന് വിശദീകരണം

വെള്ളപ്പൊക്കത്തെയും ഉരുള്‍പ്പൊട്ടിലിനെയും തുടര്‍ന്ന് കെടുതികളനുഭവിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ദുരിതാശ്വസ തുക അനുവദിക്കുന്നതില്‍ പക്ഷപാതിത്വപരമായ സമീപനം സ്വീകരിക്കുന്നു എന്ന ആരോപണം ഉയരവെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. ദുരിതാശ്വാസമായി അനുവദിച്ച തുക സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. അതിനിടെ രാജ്യത്ത് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 600 കടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അഞ്ഞൂറ് കോടി രൂപ ഗുജറാത്തിനു സഹായമായി പ്രഖ്യാപിച്ച നടപടിയ്‌ക്കെതിരെ പാര്‍ലമമെന്റില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. രാജസ്ഥാന്‍, ആസാം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഈ പരിഗണന നല്‍കുന്നില്ല എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിനു മറുപടിയായാണ് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക ഉപയോഗിക്കുന്നില്ലെന്ന് പറഞ്ഞത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ആസാമിന്റെ ദുരിദാശ്വാസ നിധിയില്‍ 500 കോടി രൂപ ഉണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഈ തുക ഉപയോഗിക്കാതെ വച്ചിരിക്കുകയാണെന്നും ഇടക്കാല ആശ്വാസമായി 3000 കോടി രൂപയുടെ ആവശ്യമുണ്ടായിട്ടാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും പേരു വെളിപ്പെടുകത്താനാഗ്രഹിക്കാത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവും സമാനമായ കാര്യമാണ് പാര്‍ലമന്റെില്‍ ഉന്നയിച്ചത്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കെടുതി അനുഭവി്ക്കുന്ന സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക കൃത്യമായി ഉപയോഗിക്കുന്നില്ല എന്നു മനസിലാക്കാന്‍ കഴിയും എന്നാണ് കിരണ്‍ റിജ്ജു പറഞ്ഞത്. എന്നാല്‍ കിരണ്‍ റിജ്ജുവിന്റെ ആരോപണം ആസാമിലെ ബിജെപി സര്‍ക്കാര്‍ തള്ളി.

© 2024 Live Kerala News. All Rights Reserved.