ശ്രീനാഥിന്റെ മരണസ്ഥലത്തുനിന്ന് ലഭിച്ചത് മൂര്‍ച്ഛയുള്ള ബ്ലേഡ് മാത്രം; ദുരൂഹതയേറ്റി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

ഏഴ് വര്‍ഷത്തിന് ശേഷമാണ് നടന്‍ ശ്രീനാഥിന്റെ മരണം അതിന്റെ ദുരൂഹത സംബന്ധിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട ഫയല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായ സംഭവവുമായി ബന്ധപ്പെട്ടാണ് അടുത്തിടെ വീണ്ടും ആ മരണം ചര്‍ച്ചാവിഷയമായത്. ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്നും അതിന് സിനിമാമേഖലയുമായി ബന്ധമുണ്ടെന്നും പിന്നാലെ അദ്ദേഹത്തിന്റെ സഹോദരന്‍ സത്യനാഥ് ആരോപിച്ചിരുന്നു. ഇപ്പോഴിതാ മരണത്തില്‍ ദുരൂഹതയേറ്റി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവരുന്നു.
മൃതദേഹം കണ്ടപ്പോള്‍ വിലപിടിപ്പുള്ളതൊന്നും കൈവശമുണ്ടായിരുന്നില്ലെന്നും ആത്മഹത്യയ്ക്ക് ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന മൂര്‍ച്ഛയുള്ള ബ്ലേഡ് മാത്രമാണ് കിട്ടിയതെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. താമസിച്ചിരുന്ന ഹോട്ടലില്‍ ശ്രീനാഥ് പ്രശ്‌നങ്ങളുണ്ടാക്കിയെന്ന മൊഴിയും റിപ്പോര്‍ട്ടിലുണ്ട്.
2010 മെയ് മാസത്തില്‍ പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴായിരുന്നു ശ്രീനാഥിന്റെ ദുരൂഹമരണം സംഭവിക്കുന്നത്. 23 ന് രാവിലെയാണ് കോതമംഗലത്തെ മരിയ ഹോട്ടലിലെ 102ാം നമ്പര്‍ മുറിയില്‍ ഞരമ്പുമുറിച്ച് രക്തംവാര്‍ന്ന് മരിച്ചനിലയില്‍ ശ്രീനാഥിനെ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്നങ്ങള്‍മൂലം ജീവനൊടുക്കിയെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. ശ്രീനാഥ് ജീവനൊടുക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും നാലുമാസംകൊണ്ട് അന്വേഷണം അവസാനിച്ചു. ദുരൂഹതകളൊന്നും ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആത്മഹത്യയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് നടന്‍ തിലകന്‍ ആരോപിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.