ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ചത് നോക്കിനിന്ന പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുള്ള ആക്രമണം നോക്കി നിന്ന പൊലീസുക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ബിജെപി ഓഫീസ് ആക്രമണം തടയാതിരുന്ന രണ്ട് പൊലീസുകാരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കമ്മിറ്റി ഓഫിസിന് മുന്നില്‍ പൊലീസുകാര്‍ കാവല്‍ക്കാരായി ഉണ്ടായിരുന്നെങ്കിലും ഇവരെ തളളിമാറ്റിയും മര്‍ദിച്ചുമാണ് ആക്രമണം നടത്തിയത്. ഒരു പൊലീസുകാരന്‍ മാത്രമാണ് ആക്രമണത്തെ അതിര്‍ത്തത്. അക്രമികളെ തടഞ്ഞ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. മറ്റു പൊലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ഇന്നു പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ഓഫിസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ബിനു ഐപി, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ സാജ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും ഇവരെ സിസിടിവി ദൃശ്യങ്ങളില്‍ കാണാമെന്നും ബിജെപി ആരോപിക്കുന്നു. മൂന്ന് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആക്രമണം നടക്കുന്ന സമയത്ത് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഓഫിസിലുണ്ടായിരുന്നു. കുമ്മനത്തിന്റെ വാഹനവും അടിച്ചുതകര്‍ത്തു.
തലസ്ഥാന നഗരത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമങ്ങള്‍ തടയുന്നതില്‍ പൊലീസ് ഇടപ്പെട്ടില്ലെന്ന് വ്യാപകമായി ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. പൊലീസിനെതിരെ ബിജെപി നേതൃത്വവും രംഗത്ത് വന്നിരുന്നു. അതേസമയം, കൂടുതല്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ നഗരത്തില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസത്തേക്ക് നഗരത്തില്‍ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെട്ടുത്തിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസിന് മുന്നിലും പ്രധാന സ്ഥലങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇന്നു പുലര്‍ച്ചെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് കോടിയേരിയുടെ വീടിന് നേരെ കല്ലേറുണ്ടാകുന്നത്. വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കല്ലേറില്‍ തകര്‍ന്നു. ആക്രമണ സമയത്ത് കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരിയും കുടുംബവും വീട്ടിലുണ്ടായിരുന്നു. എംജി കോളെജില്‍ എസ്എഫ്ഐ യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ആദ്യം എസ്എഫ്ഐ-എബിവിപി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് ഇന്നലെ ആക്രമണ പരമ്പരകളുണ്ടായത്.
പ്രതികളെ പിടികൂടാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പൊതുസ്ഥലത്തെ കൊടിതോരണങ്ങള്‍ ജില്ലാഭരണകൂടം നീക്കംചെയ്യും. തിരുവനന്തപുരത്ത് മൂന്നു ദിവസത്തേക്ക് പ്രകടനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.

© 2024 Live Kerala News. All Rights Reserved.