‘അധികാരത്തിനും സ്വാര്‍ത്ഥ നേട്ടത്തിനും വേണ്ടി നേതാക്കള്‍ എന്തും ചെയ്യും’; നിതീഷിന്റെ ഗൂഢാലോചനയെ കുറിച്ച് തനിക്ക് ബോധ്യമുണ്ടായിരുന്നെന്ന് രാഹുല്‍ ഗാന്ധി

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കാലുവാരല്‍ രാഷ്ട്രീയത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നേതാക്കള്‍ അധികാരത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

അധികാരത്തിനും സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കും വേണ്ടി നേതാക്കള്‍ എന്തും ചെയ്യുമെന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രശ്‌നമാണ്.

ബിജെപിയുമായുള്ള ദീര്‍ഘകാല ബന്ധം അവസാനിപ്പിച്ച് മൂന്ന് വര്‍ഷം മുമ്പ് മഹാസഖ്യത്തിന് കോപ്പുകൂട്ടിയ നിതീഷ് ഇക്കുറി ആര്‍ജെഡിയുടേയും കോണ്‍ഗ്രസിന്റേയും കാലുവാരിയാണ് മറുകണ്ടം ചാടിയത്. ബിജെപിയെ കൂട്ടുപിടിച്ച് ആറാം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്തു. വഞ്ചനയുടെ ഈ രാഷ്ട്രീയത്തെ കുറിച്ചും ഈ ഗൂഢാലോചനയെ കുറിച്ച് തനിക്ക് നേരത്തെ തന്നെ ബോധ്യമുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ വ്യക്തമാക്കി.

ഞങ്ങള്‍ക്കറിയാം ഈ പദ്ധതിയും ഗൂഢാലോചനയും മൂന്നാല് മാസമായി നടക്കുന്നതാണ്. രാഷ്ട്രീയത്തില്‍ എന്താണ് മറ്റൊരാളുടെ മനസില്‍ നടക്കുന്നതെന്ന് നമുക്ക് അറിയാനാകും. ഈ ഗൂഢാലോചനയെ കുറിച്ച് എനിക്ക് അറിവുണ്ടായിരുന്നു.

രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍

ആര്‍ജെഡിയുടെ ലാലു പ്രസാദ് യാദവിന്റെ മകനും നിതീഷ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ രാജിയാവശ്യപ്പെട്ടതാണ് നിതീഷും ലാലുവും തമ്മിലുള്ള ബന്ധം വഷളാകാന്‍ ഇടയായത്. രാജിവെക്കാന്‍ അന്ത്യശാസനം നല്‍കിയത് ആര്‍ജെഡി തള്ളിയതോടെയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് മഹാസഖ്യത്തില്‍ നിന്ന് നിതീഷ് പുറത്തുപോയത്. 14 മണിക്കൂറിനുള്ളില്‍ ബിജെപിയെ കൂട്ടുപിടിച്ച് പുതിയ സര്‍ക്കാരുണ്ടാക്കുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.