ബിഹാറില്‍ ഇനിയെന്ത്? ബിജെപിയുമായി വീണ്ടും ചങ്ങാത്തം കൂടാന്‍ നിതീഷ് കുമാര്‍; ‘അഴിമതി വിരുദ്ധ പോരിന്’ പിന്തുണ പ്രഖ്യാപിച്ച് മോഡി

ബിജെപിയുമായുള്ള ചങ്ങാത്തം വീണ്ടും ഉറപ്പിക്കുകയെന്ന ദീര്‍ഘകാല രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ രാജി. ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന ആവശ്യം ആര്‍ജെഡി തള്ളിയതിന് പിന്നാലെയാണ് നിതീഷിന്റെ രാജി. അഴിമതിക്കെതിരായ യുദ്ധമെന്ന രാഷ്ട്രീയ പ്രതിച്ഛായാ നിര്‍മാണമാണ് നിതീഷിന്റെ ഉന്നം. ഇതിനെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപിയും ഉടന്‍ തന്നെ പിന്തുണയ്ക്കുകയും ചെയ്തു. നിതീഷ് രാജിവെച്ച് മിനുട്ടുകള്‍ക്കകം പ്രധാനമന്ത്രി ട്വീറ്ററില്‍ അഴിമതി വിരുദ്ധ പോരാട്ടത്തിന് നിതീഷിന് പിന്തുണയും അഭിനന്ദനവും അറിയിക്കുകയും ചെയ്തു.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ പരസ്യമായി പിന്തുണച്ചുകൊണ്ടും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണച്ചും ബിജെപിയോടുള്ള ചങ്ങാത്തം പുനസ്ഥാപിക്കുന്ന സൂചനകള്‍ നേരത്തേ നിതീഷ് കുമാര്‍ നല്‍കിയിരുന്നു. ഇത് പ്രത്യക്ഷത്തില്‍ പറയാതെ ഒരു രാഷ്ട്രീയ കാരണം കണ്ടെത്തുകയായിരുന്നു അഴിമതി വിരുദ്ധയെന്ന പ്രസ്താവന. കാലിത്തീറ്റ കേസില്‍ സുപ്രിം കോടതി ശിക്ഷിച്ച ലാലുപ്രസാദ് യാദവുമായി തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഇല്ലാത്ത ‘അഴിമതി വിരുദ്ധത’യാണ് നിതീഷിന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന വിമര്‍ശം ഉയര്‍ന്നുവരുന്നുണ്ട്. ഭൂമി ഇടപാടിന്റെ പേരില്‍ തേജസ്വി യാദവിനെതിരെ സിബിഐ കേസ് എടുക്കുകയും ലാലുവിന്റെ കുടുംബത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തകയും ചെയ്തത് നിതീഷ് പെട്ടെന്നുള്ള കാരണമായി കണ്ടെത്തി.
ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ബിജെപിക്കെതിരായ വിശാല മതനിരപേക്ഷ സഖ്യസാധ്യതയുടെ പരീക്ഷണമായിരുന്നു 2015ലെ ബിഹാര്‍ തെരഞ്ഞെടുപ്പിലൂടെ ഉണ്ടായത്. ആര്‍ജെഡിയും ജെഡിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള മഹാസഖ്യം ബിജെപിയുടെയും നരേന്ദ്രമോഡിയുടെയും പ്രചണ്ഡ പ്രചാരണത്തെ മറികടന്ന് ഉജ്വല വിജയം നേടുകയും ചെയ്തു. ബിഹാറിലെ തോല്‍വി അക്ഷരാര്‍ത്ഥത്തില്‍ ബിജെപിയെയും നരേന്ദ്രമോഡി-അമിത്ഷായെയും ഞെട്ടിച്ചിരുന്നു. ഈ സഖ്യം തകര്‍ക്കുകയെന്ന ആര്‍എസ്എസിന്റെയും ബിജെപി ദേശീയ നേതൃത്വത്തിന്റെ ദീര്‍ഘകാല ആലോചനയ്ക്ക് നിതീഷ് വിധേയപ്പെട്ടു.

നിതീഷ് രാജിവെച്ച ബിഹാറിലെ ഇനിയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ആണ് ഉറ്റുനോക്കുന്നത്. 243 അംഗം സഭയില്‍ 80 സീറ്റുമായി ലാലുവിന്റെ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. നിതീഷിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണം തെരഞ്ഞെടുപ്പ് രംഗത്ത് നടന്നുവെന്നതിലായിരുന്നു കക്ഷിനിലയില്‍ പിന്നിലായിട്ടും ജെഡിയുവിന് മഹാസഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം ലാലു വിട്ടുകൊടുത്തത്. 71 ആണ് സഭയിലെ ജെഡിയുവിന്റെ കക്ഷിനില. 53 സീറ്റുകളാണ് ബിജെപിക്കുള്ളത്. കോണ്‍ഗ്രസിന് 27ഉം. നിതീഷിന്റെ കൂടെ ജെഡിയു അംഗങ്ങള്‍ ഉറച്ചുനില്‍ക്കുകയും ബിജെപി പിന്തുണയ്ക്കുകയും ചെയ്താല്‍ വീണ്ടും മുഖ്യമന്ത്രിയാവുക വലിയ പ്രയാസമാകില്ല. എന്നാല്‍, ബിജെപിയുമായുള്ള ചങ്ങാത്തതിന് ശരത് യാദവ് അടക്കം ജെഡിയുവിലെ അംഗങ്ങള്‍ വിയോജിച്ചാല്‍ നിതീഷിന്റെ രാഷ്ട്രീയ ആത്മഹത്യ വലിയ ദുരന്തമായി തീരും. ആര്‍ജെഡിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള മതേതര കക്ഷികള്‍ക്ക് മറ്റ് പിന്തുണ നേടാനായാല്‍ അത് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ വലിയ മാറ്റത്തിന് കളമൊരുങ്ങുകയും ചെയ്യും. നിലവിലുള്ള കക്ഷി നിലയിനുസരിച്ച് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനാണോ, വീണ്ടും തെരഞ്ഞെടുപ്പിനാണോ നിതീഷും ബിജെപിയും ലക്ഷ്യമിടുന്നതെന്ന് വരും ദിവസങ്ങളിലേ വ്യക്തമാകൂ.

© 2023 Live Kerala News. All Rights Reserved.