2000 രൂപയുടെ നോട്ടടി റിസര്‍വ് ബാങ്ക് നിര്‍ത്തിവെച്ചു; ശ്രദ്ധ മുഴുവന്‍ ഇനി 200ന്റെ നോട്ടിലേക്ക്

2000 രൂപ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. 200 അടക്കമുള്ള ചെറിയ രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നതിന് വേണ്ടി അഞ്ച് മാസം മുമ്പ് തന്നെ റിസര്‍വ് ബാങ്ക് 2000 രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്കി നിര്‍ത്തിവെച്ചതായി ചൊവ്വാഴ്ച്ചയാണ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. ഈ സാമ്പത്തിക വര്‍ഷം 2000 രൂപയുടെ കൂടുതല്‍ അച്ചടിക്കേണ്ടെന്നാണ് ഉന്നത തീരുമാനം എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
500, 1000 രൂപ നോട്ട് പൊടുന്നനെ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് തിരക്കിട്ട് റിസര്‍വ് ബാങ്ക് 2000 രൂപ നോട്ടുകള്‍ അച്ചടിച്ചത്. പക്ഷെ ആവശ്യത്തിന് ചില്ലറിയില്ലാത്തത് മൂലം ജനം വലയുന്നതിനാലാണ് ചെറിയ മൂല്യമുള്ള നോട്ടുകള്‍ കൂടുതല്‍ അടിച്ചിറക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിക്കുന്നത്. നോട്ട് പിന്‍വലിച്ചത് മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഊര്‍ജിത ശ്രമത്തിലാണ് കേന്ദ്ര ബാങ്ക്.
370 കോടി 2000 രൂപ നോട്ടുകളാണ് അച്ചടിച്ചിട്ടുള്ളത്. 740000 കോടി രൂപയുടെ മുല്യമുള്ള നോട്ടുകളാണ് ഇത്. 630 കോടി രൂപ മൂല്യമുള്ള 1000 രൂപ നോട്ടുകളാണ് നവംബര്‍ 8ലെ പ്രഖ്യാപനത്തോടെ അസാധുവായത്. നിലവില്‍ അച്ചടിക്കുന്നതില്‍ 90 ശതമാനവും 500 രൂപ നോട്ടുകളാണ്. 1400 കോടി 500 രൂപ നോട്ടുകളാണ് ഇത് വരെയും അച്ചടിച്ചിട്ടുള്ളതെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. 1570 കോടി 500 രൂപയുടെ നോട്ടുകളാണ് അസാധുവായിരുന്നത്. അച്ചടിച്ച നോട്ടുകളെല്ലാം തന്നെ ക്രയവിക്രയത്തിനെത്തിയിട്ടില്ല.
ജൂലൈ 14ലെ കണക്ക് പ്രകാരം 1522000 രൂപ മുല്യമുള്ള നോട്ടുകള്‍ വിപണയിലുണ്ട്. 2016 നവംബറില്‍ ഇത് 1770000 കോടി രൂപ മൂല്യമുള്ള നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്.
റിസര്‍വ് ബാങ്കിന്റെ മൈസൂര്‍ കേന്ദ്രത്തില്‍ അച്ചടിക്കുന്ന 200 രൂപ നോട്ട് അടുത്ത മാസത്തോടെ ക്രമയവിക്രയത്തിന് ലഭിക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തോട് റിസര്‍വ് ബാങ്ക് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിവെക്കുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി കഴിഞ്ഞ 40 ദിവസമായി കൂടുതല്‍ 500 രൂപ നോട്ടുകള്‍ അച്ചടിക്കുകയാണ്.
ബാങ്കുകളിലുള്ളതിനേക്കാള്‍ ജനത്തിന്റെ കൈകളിലുള്ള തുകയുടെ കണക്ക് നോട്ട് പിന്‍വലിക്കലിന് ശേഷം വര്‍ധിച്ചതായി അടുത്തിടെ നടന്ന എസ്ബിഐ പഠനത്തില്‍ തെളിഞ്ഞിരുന്നു. അതിനാല്‍ എടിഎമ്മുകള്‍, ബ്രാഞ്ചുകള്‍ എന്നിവകളില്‍ കെട്ടിക്കിടക്കുന്ന തുക 2000 രൂപ നോട്ടുകളിലായിരിക്കുമെന്നാണ് കരുതുന്നത്. 200 രൂപ നോട്ടുകളെത്തുന്നതോടെ 2000 രൂപ നോട്ടുകള്‍ കൂടുതലായി കൈമാറ്റം ചെയ്യുമെന്നാണ് കേന്ദ്ര ബാങ്കിന്റെ പ്രതീക്ഷ.

© 2024 Live Kerala News. All Rights Reserved.