‘പാര്‍ട്ടിക്കകത്ത് പറഞ്ഞ കാര്യങ്ങള്‍ പുറത്തു പറയുന്നത് ശരിയല്ല’; യെച്ചൂരിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്ന് വിഎസ്

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തില്‍ തന്റെ അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞിട്ടുണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍. കേന്ദ്രകമ്മിറ്റിയില്‍ തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്കകത്ത് പറഞ്ഞ കാര്യങ്ങള്‍ പുറത്തുപറയുന്നത് ശരിയല്ലെന്നും വിഎസ് പറഞ്ഞു.
യെച്ചൂരിയെ രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് വിഎസ് അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. സിസി ചേരുന്നതിന് ഇടയിലാണ് രാജ്യസഭാ സീറ്റ് സംബന്ധിച്ച് വിഎസ് തന്റെ അഭിപ്രായം കുറിപ്പായി നല്‍കിയത്. ഇതോടെ പിറ്റേ ദിവസത്തെ കേന്ദ്രകമ്മിറ്റി അജന്‍ഡയില്‍ വിഷയം ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യുകയും ചെയ്തു. യെച്ചൂരി രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് പിന്തുണയില്‍ മല്‍സരിക്കേണ്ടതില്ലെന്നാണ് കേന്ദ്രകമ്മിറ്റി തീരുമാനിച്ചത്. യെച്ചൂരി മല്‍സരിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം കേന്ദ്രകമ്മിറ്റി യോഗം വോട്ടിനിട്ട് തള്ളുകയായിരുന്നു.

കേരള ഘടകം അടക്കം കോണ്‍ഗ്രസ് പിന്തുണയില്‍ മല്‍സരിക്കേണ്ടെന്ന കടുത്ത നിലപാടാണ് ആദ്യം മുതലേ എടുത്തത്. ഇതിന് പിന്നാലെയാണ് യെച്ചൂരി മല്‍സരിച്ച് രാജ്യസഭയിലെത്തേണ്ടത് നിലവിലെ രാജ്യത്തിലെ അവസ്ഥയയില്‍ അത്യന്താപേക്ഷിതമാണെന്ന് വിഎസ് നിലപാടെടുത്തത്. ബിജെപിയും നരേന്ദ്ര മോഡിയും പിടിമുറുക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി കാര്യങ്ങള്‍ കരുതലോടെ കാണണമെന്നും വിഎസ് കത്തില്‍ പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.