മദനി എതിര്‍പ്പറിയിച്ചു; പിഡിപി നാളത്തെ ഹര്‍ത്താല്‍ ഒഴിവാക്കി; ചെയര്‍മാന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടിയെന്ന് പാര്‍ട്ടിയുടെ വിശദീകരണം

പിഡിപി നാളെ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നാളെ സംസ്ഥാനത്ത് പിഡിപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി നിര്‍ദേശിച്ചിരുന്നു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുളള അനുവാദം ലഭിക്കുന്നതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് ഒമ്പതിനാണ് മഅദനിയുടെ മകന്‍ ഹഫീസ് ഉമര്‍ മുക്താറിന്റെ വിവാഹം. വിവാഹത്തില്‍ പങ്കെടുക്കുന്നതിനും അസുഖബാധിതയായ മാതാവിനെ കാണുന്നതിനുമായി ജാമ്യവ്യവസ്ഥയില്‍ 20 ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് മഅദനി ബെംഗളൂരു വിചാരണ കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ അസുഖബാധിതയായ മാതാവിനെ കാണാന്‍ വേണ്ടി മാത്രം ഓഗസ്റ്റ് ഒന്നുമുതല്‍ ഏഴുവരെ കോടതി ഇളവ് അനുവദിച്ചു. വിവാഹത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയില്ല. ഇതിനെതിരെയാണ് പിഡിപി ബുധനാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കഴിഞ്ഞവര്‍ഷം ജൂണ്‍ 30ന് മാതാവിനെ കാണാന്‍ മഅദനിക്ക് സുപ്രീംകോടതിയാണ് അനുമതി നല്‍കിയത്.

© 2025 Live Kerala News. All Rights Reserved.