ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി; ആഗസ്ത് എട്ടു വരെ ജയിലില്‍; വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതി നടപടി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം എട്ടുവരെ റിമാന്‍ഡില്‍ തുടരണമെന്ന് അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ദിലീപ് കോടതിയില്‍ ഹാജരായത്. യാതൊരു പരാതിയുമില്ലെന്ന് കോടതിയെ ബോധിപ്പിക്കുകയും ചെയ്തു. ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചു.
ആലുവ സബ്ജയിലിലാണ് ദിലീപ് ഇപ്പോഴുളളത്. കോടതിയിലേക്ക് ദിലീപിനെ കൊണ്ടുപോകുമ്പോഴുളള സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാമെന്ന് ഇന്നലെ കോടതിയെ അറിയിച്ചത്. കോടതി അപേക്ഷ അംഗീകരിക്കുകയും അനുമതി നല്‍കുകയും ചെയ്തു. കോടതി പരിസരത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും യാത്ര സുരക്ഷിതമായിരിക്കില്ലെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദിലീപ് അനുകൂല തരംഗം സൃഷ്ടിക്കാന്‍ ആസൂത്രിത ശ്രമമുണ്ടെന്നും നീക്കത്തിന് പിന്നില്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

© 2023 Live Kerala News. All Rights Reserved.