സ്ത്രീപീഡനത്തിന് അറസ്റ്റിലായ വിന്‍സെന്റിനെ രക്ഷിക്കാന്‍ പരാതി നല്‍കിയ വീട്ടമ്മയെ ചീമുട്ടയെറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബാലരാമപുരം: കോവളം എൽഎൽഎ എം വിൻസന്റിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകിയ വീട്ടമ്മയ്ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വീട്ടമ്മയെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചത് അറിഞ്ഞെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ വീട് വളയുകയായിരുന്നു. ഇവരെ എത്തിച്ച പൊലീസ് വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞും മുദ്രാവാക്യങ്ങളോടെയുമായിരുന്നു പ്രതിഷേധം.
പ്രദേശത്തെ സംഘര്‍ഷാവസ്ഥയും പരാതിക്കാരിയുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് ഇവരെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റാന്‍ പൊലീസ് ശ്രമിച്ചപ്പോഴും പ്രതിഷേധവുമായി ഒരു സംഘം എത്തി.
ജൂലൈ 19ന് ഉച്ചയ്ക്കു 12ന് ആറാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മയെ ഇന്നലെയാണ് ആശുപത്രിയില്‍ നിന്നും വിട്ടയച്ചത്. ഇതിന് പിന്നാല ഉച്ചയ്ക്ക് ബാലരാമപുരത്തെ വീട്ടിലേക്കു കൊണ്ടുവന്നപ്പോഴായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടയ്മ്മക്കെതിരെ പ്രതിഷേധവുമായെത്തിയത്. പൊലീസ് വാഹനത്തിലാണ് ഇവരെ എത്തിച്ചത്. തുടർന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനുപേർ വീടിന് മുമ്പില്‍ തടിച്ച് കൂടുകയായിരുന്നു. പ്രതിഷേധക്കാര്‍ വാഹനത്തിന് നേരെ ചീമുട്ട എറിഞ്ഞു. പരാതിക്കാരിയും സഹോദരനും ചേര്‍ന്ന് നടത്തിയ കള്ളകളിയാണ് പരാതിയെന്നും, ഇരുവരും പ്രദേശത്ത് ജീവിക്കാന്‍ യോഗ്യരല്ലെന്നും, തങ്ങളുടെ എംഎല്‍എ നിരാപരാധിയാണെന്നും ആക്രോശിച്ചായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയ വിവരമറിഞ്ഞ് വന്‍ പൊലീസ് സംഘവും സ്ഥലത്തെത്തി.
പ്രതിഷേധക്കാര്‍ തടിച്ച് കൂടിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയായിരുന്നു. ഇതിനിടെ സ്ത്രീകൾ പത്തുമിനിറ്റോളം ബാലരാമപുരം–വിഴിഞ്ഞം റോഡ് ഉപരോധിക്കുകയും ചെയ്തു. എംഎൽഎയ്ക്ക് അനുകൂലമായി പ്രതിഷേധം ശക്തമായതോടെ എംഎൽഎയുടെ സഹോദരനും ഡിസിസി ജനറൽ സെക്രട്ടറിയുമായ വിൻസന്റ് ഡി പോൾ സ്ഥലത്തെത്തി പ്രതിഷേധക്കാരോടു പിരിഞ്ഞുപോകണമെന്ന് അഭ്യർഥിക്കുകയായിരുന്നു. കേസ് കോടതിയിലാണെന്നും റോഡ് ഉപരോധം അവസാനിപ്പിക്കണമെന്നും അദ്ദേഹം പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. തുടർന്നാണു നാട്ടുകാർ പിരിഞ്ഞുപോയത്.

വീട്ടമ്മയയെ പിന്നീട് പൊലീസ് ഇടപെട്ട് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി. വീടിനു മുന്നിൽ ജീപ്പ് എത്തിച്ചു വീട്ടമ്മയെ അതിൽ കയറ്റുകയായിരുന്നു. പൊലീസ് വലയം തീർത്താണ് അതീവ സുരക്ഷയോടെയാണ് ഇവരെ വീട്ടില്‍ നിന്നും മാറ്റിയത്. സമീപവാസികളായ ഒട്ടേറെ സ്ത്രീകളും കോൺഗ്രസ് പ്രവർത്തകരും ചേര്‍ന്ന് ജീപ്പ് തടയാനും ശ്രമിച്ചു. പൊലീസ് ഏറെ ബുദ്ധിമുട്ടിയാണ് വാഹനം മുന്നോട്ട് എടുത്തത്. പിന്തുടർന്നെത്തിയ നാട്ടുകാർ ബാലരാമപുരം ജക്‌ഷനിലും വാഹനത്തിനുനേരെ ചീമുട്ട എറിഞ്ഞു.
സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റിയ വീട്ടമ്മയെ ശാരീരികാസ്വസ്ഥതയെത്തുടർന്നു ചികിൽസയിൽ കഴിഞ്ഞിരുന്ന ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു.

© 2023 Live Kerala News. All Rights Reserved.