‘അശ്ലീലദൃശ്യങ്ങള്‍ ഫോണില്‍ സൂക്ഷിക്കരുത്, മന്ത്രവാദ തകിടുകള്‍ കരുതരുത്’; തൊഴിലിനായി സൗദിയിലേക്ക് പോകുന്നവര്‍ക്കായി സര്‍ക്കാരിന്റെ പരിഷ്‌കരിച്ച നിര്‍ദേശങ്ങള്‍

മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിക്കരുതെന്ന് സൗദിയില്‍ തൊഴിലിന് വേണ്ടി പോകുന്നവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഉപദേശം. ആഭിചാരപ്രയോഗവുമായി ബന്ധപ്പെട്ട ഒന്നും സൂക്ഷിക്കരുതെന്നും നിര്‍ദേശമുണ്ട്. ജോലിക്കായി സൗദിയിലേക്ക് പുറപ്പെടുന്നവര്‍ക്കുള്ള പരിഷ്‌കരിച്ച നിര്‍ദേശങ്ങളാണിവ. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ തൊഴില്‍ അന്വേഷിച്ച് പോകുന്ന രാജ്യം എന്നത് കണക്കിലെടുത്താണ് സൗദിയിലെത്താനും സുരക്ഷിതമായി കഴിയാനുമുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഷ്കരിച്ചിരിക്കുന്നത്.
സൗദി അറേബ്യയില്‍ നിരോധിച്ചിട്ടുള്ള വസ്തുകളൊന്നും യാത്രയില്‍ കരുതരുതെന്നാണ് ഒരു നിര്‍ദേശം. നിരോധിച്ചിട്ടുള്ളതോ, അശ്ലീലമായതോ ആയ ദൃശ്യങ്ങള്‍ ഫോണിലോ, ലാപ്പ്ടോപ്പിലോ സൂക്ഷിക്കരുത്. സൗദി നിയമങ്ങളോട് പൊരുത്തപ്പെടേണ്ടേത് എങ്ങനെയെന്നും നിയമം തെറ്റിച്ചാല്‍ ലഭിക്കാവുന്ന ശിക്ഷകളും നിര്‍ദേശങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്.
മന്ത്രവാദം, മായാജാലം, ക്ഷുദ്രം എന്നിവയെല്ലാം നിരോധിച്ചിട്ടുള്ള രാജ്യമായതിനാല്‍ വധശിക്ഷയടക്കമുള്ള ശിക്ഷകളെ കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മന്ത്രത്തകിടുകള്‍, കറുത്ത ചരട് എന്നിവ കൂടെ കരുതരുത് എന്നും നിര്‍ദേശിച്ചിട്ടുണ്ട്. മയക്കുമരുന്നുകള്‍, പന്നിയിറച്ചിയടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, കസ്ക്സ, ഖറ്റ് ഇലകള്‍, പാന്‍ മസാല, മറ്റ് മതഗ്രന്ഥങ്ങള്‍ എന്നിവ സൗദിയിലേക്ക് കൊണ്ടുപോകരുത്.
സൗദി നിയമം, ജോലി കരാര്‍ എന്നീ കാര്യങ്ങള്‍ തൊഴിലാളികളെ പരിചയപ്പെടുത്തുന്നതിനായാണ് പുതിയ നിര്‍ദേശങ്ങളെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ജോലിക്കായി സൗദി യിലേക്ക് പോകുന്നതിന് മുമ്പായി തന്നെ അവിടെ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ നേരിടേണ്ടേത് എങ്ങനെയെന്ന് തൊഴിലാളികളെ തൊബോധവത്കരിക്കുന്നതിനാണ് ഇത്.

ജോലി കരാര്‍ കൈമാറാതെയും അന്യായ തുക ആവശ്യപ്പെട്ടും റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ തൊളിലാളികളെ കബളിപ്പിക്കുന്നതിനെ കുറിച്ചും നിര്‍ദേശങ്ങളില്‍ മുന്നറിയിപ്പുണ്ട്. 20,000 രൂപയില്‍ അധികം സര്‍വീസ് ചാര്‍ജ് റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്ക് ഈടാക്കാന്‍ അനുവാദമില്ലെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. സൗദി നിയമപ്രകാരം വിദേശത്ത് നിന്നും എത്തുന്ന തൊഴിലാളികളുടെ വിസ, ടിക്കറ്റ് എന്നിവയ്ക്കാവശ്യമായ തുക മുടക്കേണ്ടത് തൊഴില്‍ദാതാക്കളാണ്. ഇന്ത്യയില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പ് തന്നെ ഇക്കാര്യങ്ങള്‍ അറബിയിലും ഇംഗ്ലീഷിലും സൂചിപ്പിച്ച് കൊണ്ടുള്ള കരാര്‍ നല്‍കിയിരിക്കണം.
എല്ലാ വിദേശ തൊഴിലാളികള്‍ക്കും സൗദി സര്‍ക്കാര്‍ സൗജന്യമായി സിം കാര്‍ഡ് നല്‍കുന്നുണ്ട്. അതിനാല്‍ സൗദിയിലക്ക് പോകുമ്പോള്‍ ഫോണ്‍ കയ്യില്‍ കരുതാനും നിര്‍ദേശമുണ്ട്. വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണാണ് അഭികാമ്യം.
എന്തെങ്കിലും തരത്തിലുള്ള ക്രിമിനല്‍ കേസില്‍ പ്രതിച്ചേര്‍ത്തിട്ടുണ്ടെങ്കില്‍ യാതൊരു കാരണവശാലും ഇന്ത്യയിലെത്തിയ ശേഷം സൗദിയിലേക്ക് തിരിച്ച് പോകരുത് എന്നും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹജ്ജ്, ഉംറ, തൊഴില്‍ വിസകളിലും സൗദിയിലേക്ക് അത്തരക്കാര്‍ പോകരുത് എന്നാണ് നിര്‍ദേശം.

© 2023 Live Kerala News. All Rights Reserved.