മെഡിക്കല്‍ കോളേജ് കോഴ: റിപ്പോര്‍ട്ട് ചോര്‍ച്ചയില്‍ മൂന്ന് നേതാക്കള്‍ക്കെതിരെ നടപടി?; രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ കഴിയാതിരുന്നത് വന്‍വീഴ്ചയെന്ന് വിലയിരുത്തല്‍

മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിന് കോഴ വാങ്ങിയ സംഭവം, ബിജെപി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ബിജെപി അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നു. കെപി ശ്രീശന്‍, എകെ നസീര്‍, സംസ്ഥാന സെക്രട്ടറി വിവി രാജേഷ് എന്നിവര്‍ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം നടപടിയെടുത്തേക്കും. കെപി ശ്രീശന്‍, എകെ നസീര്‍, വിവി രാജേഷ് എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് സാധ്യത.
കെപി ശ്രീശന്‍ അന്വേഷണ കമ്മീഷന്‍ അധ്യക്ഷനും, നസീര്‍ അംഗവുമാണ്. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് വിവി രാജേഷാണെന്ന്ാണ് ആരോപണം. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ കഴിയാതിരുന്നത് വന്‍ വീഴ്ചയാണെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കോര്‍ കമ്മിറ്റിയില്‍ എംടി രമേശ് തെളിവ് സഹിതം ഉന്നയിച്ച പേരുകളാണ് നടപടിക്കായി കേന്ദ്രത്തിന്റെ പരിഗണിക്കുന്നത്. അന്വേഷണ കമ്മീഷന്‍ അംഗമായിരിക്കെ റിപ്പോര്‍ട്ട് പുറത്ത് വിട്ട എ കെ നസീറിനെതിരെ ഇമെയില്‍ പകര്‍പ്പ് സഹിതമാണ് രമേശ് പരാതി ഉന്നയിച്ചത്. എകെ നസീര്‍ ഹോട്ടല്‍ ഇ മെയില്‍ ഐഡിയിലേക്ക് അയച്ച റിപ്പോര്‍ട്ട് ചോര്‍ത്തിയത് വിവി രാജേഷാണെന്നാണ് ആരോപണം.
മെഡിക്കല്‍ കോഴ വിവാദം ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലത്തെ ബി ജെ പി സംസ്ഥാന സമിതി യോഗത്തില്‍ കുമ്മനത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. കോഴ അന്വേഷണത്തിന് കമ്മിഷനെ നിയമിച്ചത് കോര്‍ കമ്മിറ്റിയെ അറിയിച്ചില്ലെന്നും പലവിവരങ്ങളും അറിഞ്ഞത് മാധ്യമങ്ങള്‍ വഴിയാണെന്നും നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ അതീവ രഹസ്യ സ്വഭാവം ഉള്ളതുകൊണ്ടാണ് അറിയിക്കാതിരുന്നതെന്നാണ് കുമ്മനം നല്‍കിയ വിശദീകരണം.
അഴിമതി ആരോപണം നേരിടുന്ന കൂടുതല്‍ നേതാക്കള്‍ക്കെതിര പാര്‍ട്ടി നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ബന്ധിതമാകുമെന്നാണ് സൂചന. മെഡിക്കല്‍ കോളേജ് ഉടമകളില്‍ നിന്നും പണം വാങ്ങിയെന്ന് അന്വേഷണ കമ്മീഷനോട് സമ്മതിച്ച ബിജെപി സഹകരണ സെല്‍ കണ്‍വീനറായ ആര്‍ എസ് വിനോദിനെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

മെഡിക്കല്‍ കോളെജ് അനുവദിക്കുന്നതിന് വേണ്ടി കേരളത്തിലെ ബിജെപി നേതാക്കള്‍ 5.60 കോടി കോഴവാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് അടക്കമുളളവര്‍ക്കെതിരെയായിരുന്നു ആരോപണം.

© 2023 Live Kerala News. All Rights Reserved.