കോഴിക്കോട് കര്‍ഷക ആത്മഹത്യ: ഉദ്യോഗസ്ഥരെ വെളളപൂശി റവന്യൂ അഡീഷണല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്; കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവില്ല

കോഴിക്കോട് ചെമ്പനോട കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരനല്ലെന്ന് റവന്യൂ അഡീഷണല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ജോയിയുടെ കരം സ്വീകരിക്കുന്നത് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കുന്നതില്‍ തഹസീല്‍ദാര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും വീഴ്ചപറ്റി. എന്നാല്‍ കര്‍ഷകനോട് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് കൈമാറി.
ആത്മഹത്യക്ക് ഉദ്യോഗസ്ഥന്‍ നേരിട്ട് ഉത്തരവാദിയല്ല. കൈക്കൂലി ആവശ്യപ്പെട്ടതിനോ വാങ്ങിയതിനോ തെളിവില്ല. എന്നാല്‍ ജോയിയുടെ ഭൂമിക്ക് കരമടക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതകുറവുണ്ടായി. തഹസീല്‍ദാരുടെ മുന്നിലെത്തിയ പ്രശ്‌നം പരിഹരിക്കാന്‍ വില്ലേജ് ഓഫീസറുടെ ഭാഗത്ത് നിന്ന് കാര്യമായ നീക്കമുണ്ടായില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വില്ലേജ് അസിസ്റ്റന്റ് സിലീഷിന്റെ ഇടപെടല്‍ ഫയലുകളിലൂടെ വ്യക്തമല്ലെന്നും റവന്യൂ അഡീഷണല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജോയിയുടെ ആത്മഹത്യയെ തുടര്‍ന്ന് ഒളിവിലായിരുന്ന സിലീഷ് പേരാമ്പ്ര സിഐക്ക് മുന്നില്‍ കീഴടങ്ങുകയും പിന്നീട് ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്തതില്‍ പ്രേരണാകുറ്റം ചുമത്തിയാണ് വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ സണ്ണിയെയും സിലീഷിനെയും റവന്യൂവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ റവന്യൂ അഡീഷണല്‍ സെക്രട്ടറി പിഎച്ച് കുര്യനെ ചുമതലപ്പെടുത്തിയത്.

ചക്കിട്ടപ്പാറ പഞ്ചായച്ചിലെ ചെമ്പനോട് വില്ലേജ് ഓഫിസിന് മുന്നിലാണ് ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവില്‍പുരയിടത്തിലിനെ(ജോയ്)(57) ആത്മഹത്യ ചെയ്തത്. ജോയിയുടെ കൈവശമുളള ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് ജോയിയും കുടുംബവും വില്ലേജ് ഓഫിസിന് മുന്നില്‍ കഴിഞ്ഞവര്‍ഷം നിരാഹാരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്നാണ് അന്നും നികുതി സ്വീകരിച്ചത്.

© 2023 Live Kerala News. All Rights Reserved.