‘ജീവകാരുണ്യത്തിന്റെ പേരില്‍ ‘അമ്മ’ നികുതി വെട്ടിച്ചു’; കോടികളുടെ ക്രമക്കേടെന്ന് ആദായ നികുതി വകുപ്പ്

തിരുവനന്തപുരം: ജീവകാരുണ്യത്തിന്റെ പേരില്‍ താരസംഘടനയായ അമ്മ നികുതിവെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. താരനിശ വഴി ലഭിച്ച പണം അമ്മ വരുമാനത്തില്‍ കാണിച്ചില്ലെന്ന് ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2014-15 വര്‍ഷത്തെ കണക്കുകളിലാണ് ക്രമക്കേട്. താരനിശയ്ക്കായി ഒരു സ്വകാര്യ ചാനല്‍ നല്‍കിയ ആറു കോടി പത്ത് ലക്ഷം രൂപ വരുമാനമായി കാണിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2011-12ല്‍ മറ്റൊരു ചാനലുമായി ചേര്‍ന്ന് അമ്മ താരനിശ സംഘടിപ്പിച്ചിരുന്നു. രണ്ട് കോടി രൂപയാണ് ചാനലില്‍ നിന്ന് അമ്മ കൈപ്പറ്റിയത്. ധാരണാപത്രം ഒപ്പിട്ട ശേഷമായിരുന്നു ഇത്. പക്ഷെ മൂന്ന് വര്‍ഷത്തിന് ശേഷം ആറു കോടി വാങ്ങിയപ്പോള്‍ കരാറുണ്ടായിരുന്നില്ല, ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള പണം കൈമാറിയത് വിശ്വാസ്യതയോടെയാണെന്നും കരാര്‍ ആവശ്യമില്ലെന്നുമാണ് അമ്മയുടെ വാദം. എന്നാല്‍ കരാര്‍ ഉണ്ടായിരുന്നെന്നാണ് ആദായ നികുതിവകുപ്പിന്റെ കണ്ടെത്തല്‍.

സാമ്പത്തികമായ ദുരിതമനുഭവിക്കുന്ന നടീനടന്‍മാര്‍ക്കും സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കുമായാണ് ഫണ്ട് വിനിയോഗിക്കുന്നതെന്ന അമ്മയുടെ വാദം ആദായനികുതി വകുപ്പ് തള്ളി. 1999മുതല്‍ 2014വരെയുള്ള 15 വര്‍ഷത്തിനിടെ 28 ലക്ഷം രൂപ മാത്രമാണ് അമ്മ ജീവകാരുണ്യത്തിനായി ചെലവിട്ടതെന്ന് റിപ്പോര്‍ട്ടിലുണ്ട്. ചില താരങ്ങള്‍ സമര്‍പ്പിച്ച കണക്കും അമ്മയില്‍ നിന്ന ലഭിച്ച കണക്കും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ താരങ്ങള്‍ക്കും സംഘടനകള്‍ക്കും നോട്ടീസ് നല്‍കും.
റിപ്പോര്‍ട്ടിനെതിരെ ആദായ നികുതിവകുപ്പിന്റെ അപ്പീല്‍ അതോറിറ്റിയെ സമീപിച്ചിരിക്കുകയാണ് അമ്മ. റിക്കവറി നടത്താതിരിക്കാന്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല സ്‌റ്റേയും അനുവദിച്ചിട്ടുണ്ട്. ജീവകാരുണ്യത്തിനായുള്ള പണമാണിത്, ആര്‍ക്കും വ്യക്തിപരമായി നേട്ടമുണ്ടാക്കാനുള്ള വരുമാനമല്ലെന്നുമാണ് താരസംഘടന ബോധിപ്പിച്ചത്.

© 2024 Live Kerala News. All Rights Reserved.