പൈപ്പ് പൊട്ടിച്ചെന്ന് ആരോപിച്ച് ദലിത് യുവാവിനെ തിരുച്ചിറപ്പള്ളിയില്‍ മര്‍ദിച്ചുകൊന്ന സംഭവം ദുരഭിമാനകൊലയെന്ന് കണ്ടെത്തല്‍; കൊലപാതകം ഉന്നത ജാതിയില്‍ നിന്നും വിവാഹം ചെയ്തതിന്

കൊല്ലപ്പെട്ട നിലയില്‍ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദലിത് യുവാവിനെ മേല്‍ജാതിക്കാര്‍ ദുരഭിമാനം മൂലം മര്‍ദിച്ച് കൊന്നതാണെന്ന് പൊലീസ് കണ്ടെത്തല്‍. ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനാണ് തിരുച്ചിറപ്പള്ളി ജില്ലയിലെ മനച്ചനല്ലൂര്‍ ടൗണില്‍ കതിരേശന്‍ എന്ന ദലിത് പ്രവര്‍ത്തകനെ മേല്‍ജാതിയില്‍പ്പെട്ട ഒരു സംഘമാളുകള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ജൂലൈ ഏഴിനാണ് കതിരേശന്റെ മൃതദേഹം കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായിരുന്ന കതിരേശനെ മര്‍ദിച്ചതിന് ശേഷം പാടത്തില്‍ തള്ളുകയായിരുന്നു.
കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കതിരേശനും മേല്‍ജാതിയില്‍പ്പെട്ട തങ്കരശു എന്ന വ്യക്തിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തങ്കരശുവിന്റെ കൃഷി സ്ഥലത്തെ പ്ലാസ്റ്റിക് പൈപ്പ് കതിരേശന്‍ പൊട്ടിച്ചെന്ന് ആരോപണത്തെ തുടര്‍ന്നായിരുന്നു ഇത്. വീണ്ടും പൈപ്പ് പൊട്ടിച്ചെന്ന് ആരോപിച്ച് ജൂലൈ ഏഴിന് തങ്കരശുവും മക്കളായ ഭാസ്കറും സുരേഷും കതിരേശന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി.
ഇതിന് പിന്നാലെ 12ഓളം പേര്‍ കതിരേശനെ പിന്തുടര്‍ന്ന് അടുത്തുള്ള ഒരു കടയുടെ മുമ്പില്‍ വെച്ച് കതിരേശനെ ആക്രമിക്കുകയായിരുന്നു. ആക്രമണം തടയാന്‍ കതിരേശന്റെ ഭാര്യ നന്ദിനി ഏറെ ശ്രമിച്ചെങ്കിലും ഇവര്‍ മര്‍ദനം തുടര്‍ന്നു.
ബോധം മറയുന്നത് വരെ കതിരേശനെ മര്‍ദിച്ചു. പിന്നീട് ഇവര്‍ കതിരേശനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയാണെന്ന് പറഞ്ഞ് കൊണ്ട് പോയി. നന്ദിനിയും ബന്ധുക്കളും പൊലീസ് സ്റ്റേഷനില്‍ കാത്തിരുന്നെങ്കിലും ഇവര്‍ എത്തിയില്ല.തുടര്‍ന്ന് കതിരേശനെ കാണ്മാനില്ലെന്ന് നന്ദിനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പിറ്റേ ദിവസം കതിരേശന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തു. തങ്കരശു പാറക്കല്ല് കൊണ്ട് കതിരേശനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു എന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ അന്വേഷണത്തിനൊടുവിലാണ് ജാതി സംബന്ധമായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തെളിഞ്ഞത്.
മേല്‍ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനാണ് കതിരേശനെ ആക്രമിച്ചത് നാട്ടുകാരില്‍ ചിലരും പൊലീസിനെ അറിയിച്ചിരുന്നു. ദലിതുകളെക്കാള്‍ ഉയര്‍ന്ന വിഭാഗത്തില്‍ നിന്നുമുള്ള നന്ദിനിയെ കതിരേശന്‍ വിവാഹം കഴിക്കുന്നതിന് നാട്ടുകാരില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നു. ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് കൊണ്ട് ആ ജാതിയോളം എത്തില്ലെന്ന് കതിരേശനെ മര്‍ദിക്കുന്നതിനിടെ തങ്കരശു പറഞ്ഞതായും ദൃക്സാക്ഷികളുടെ മൊഴിയുണ്ട്.
ദലിതുകള്‍ക്കെതിരായ അക്രമം തടയുന്ന വിവിധ വകുപ്പുകള്‍ പ്രകാരവും കൊലപാതക കുറ്റത്തിനും തങ്കരശു, മക്കളായ ഭാസ്കര്‍, സുരേഷ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ കുറ്റസമ്മതം നടത്തിയാതാണ് പൊലീസ് അറിയിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.