യോഗി ഭരണത്തിലേറി രണ്ട് മാസത്തിനുള്ളില്‍ 803 ബലാത്സംഗ കേസുകള്‍, 729 കൊലപാതകങ്ങള്‍; യുപിയിലെ കുറ്റകൃത്യങ്ങളുടെ കണക്ക് വിവരിച്ച് ബിജെപി സര്‍ക്കാര്‍

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യാനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതിന് ശേഷമുള്ള കണക്കുകള്‍ വ്യക്തമാക്കി സര്‍ക്കാര്‍. അധികാരമേറ്റ് രണ്ട് മാസത്തിനുള്ളില്‍ 803 ബലാത്സംഗ കേസുകളാണ് യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തത് എന്ന് സര്‍ക്കാര് നിയമസഭയില്‍ വ്യക്തമാക്കി. 729 കൊലപാതകങ്ങളാണ് ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
മാര്‍ച്ച് 15 മുതല്‍ മെയ് 8 വരെയുള്ള കാലഘട്ടത്തിലെ കണക്കാണിത്. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ പാര്‍ലമെന്ററികാര്യ മന്ത്രി സുരേഷ് കുമാര്‍ ഖന്നയാണ് കണക്കുകള്‍ വ്യക്തമാക്കിയത്. 799 കൊള്ളയടി കേസുകള്‍, 2,682തട്ടിക്കൊണ്ട്പോകല്‍ കേസുകള്‍, 60 കവര്‍ച്ച എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ എണ്ണവും ഇവ നേരിടുന്നതിന് വേണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളും വ്യക്തമാക്കണമെന്ന സമാജ് വാദി പാര്‍ട്ടി എംഎല്‍എ ശൈലേന്ദ്ര യാദവ് ലാലായുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മന്ത്രി.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊലപാതക കേസുകളില്‍ 67.16 ശതമാനം കേസുകളിലും 71.12 ശതമാനം ബലാത്സംഗ കേസുകളിലും 52.23 ശതമാനം തട്ടിക്കൊണ്ട് പോകല്‍ കേസുകളിലും നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. 81.88 ശതമാനം കൊള്ളയടി കേസുകളിലും 67.05 ശതമാനം കവര്‍ച്ചാ കേസുകളിലും നടപടി സ്വീകരിച്ചതായി മന്ത്രി നിയമസഭയെ അറിയിച്ചു.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ മൂന്നെണ്ണം ദേശീയ സുരക്ഷാ നിയപ്രകാരത്തിന് കീഴില്‍ വരുന്നതാണ്. 31 കേസുകള്‍ ഗുണ്ടാ നിയമത്തിന് കീഴില്‍ വരുന്നതാണ്. 126 കേസുകളില്‍ അധോലോക ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്തുള്ള വിവരങ്ങള്‍ എസ്പി അംഗം പ്രശാന്ത് ജാദവ് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭ്യമല്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

എന്നാല്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലെ വര്‍ധനവിന് കാരണം റിപ്പോര്‍ട്ട് ചെയ്യുന്ന പ്രവണത വര്‍ധിച്ചത് കൊണ്ടാണെന്നാണ് സര്‍ക്കാര്‍ വാദം. മുന്‍കാലയളവില്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ല. ഇപ്പോള്‍ നിസാര കുറ്റകൃത്യങ്ങളില്‍ പോലും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
ക്രമസമാധാന പാലനത്തില്‍ യോഗി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗദരി വിമര്‍ശിച്ചു. സര്‍ക്കാര്‍ മറുപടിയില്‍ തൃപ്തരാവാതെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പോയി.

© 2024 Live Kerala News. All Rights Reserved.