ബിഎസ്പി നേതാവ് മായാവതി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചു; രാജി ദളിത് വിഷയം സംസാരിക്കാന്‍ അനുവദിക്കാത്തതിനാല്‍; കത്ത് കൈമാറിയത് സഭയിലെ പൊട്ടിത്തെറിക്ക് ശേഷം

ഉത്തര്‍പ്രദേശില്‍ വിവിധയിടങ്ങളില്‍ ദളിതര്‍ക്കുനേരെ നടന്ന അക്രമങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ അനുവദിക്കാത്തില്‍ പ്രതിഷേധിച്ച് ബിഎസ്പി നേതാവ് മായാവതി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിച്ചയുടന്‍ മായാവതി രാജിവെക്കുമെന്ന സൂചന നല്‍കിയിരുന്നു. രാജിക്കത്ത് മായാവതി ഉപരാഷ്ട്രപതിക്ക് കൈമാറി. ഉത്തര്‍പ്രദേശില്‍ ദളിതര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ അടിസ്ഥാനത്തില്‍ സഭയില്‍ സംസാരിക്കാന്‍ സമയം അനുവദിക്കണമെന്ന് മായാവതി രാവിലെ ആവശ്യപ്പെട്ടിരുന്നു. വിഷയം ഉന്നയിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അംഗത്വം രാജിവെക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ‘സംസാരിക്കാന്‍ അനുവദിക്കൂ, ഇല്ലെങ്കില്‍ രാജിവെക്കും, ഇപ്പോള്‍ തന്നെ രാജിക്കത്ത് നല്‍കും’ എന്ന് പ്രഖ്യാപിച്ചാണ് മായാവതി സഭാ സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയതും.
ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ ചര്‍ച്ചചെയ്യാനാവശ്യപ്പെട്ട് മായാവതി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. മൂന്ന് മിനുട്ട് നേരമാണ് വിഷയം ഉന്നയിക്കാന്‍ ഉപാധ്യക്ഷന്‍ മായാവതിക്ക് അനുവദിച്ചത്. ഇത് മായവതിയെ പ്രകോപിപ്പിച്ചിരുന്നു. വിശദമായി വിഷയം അവതരിപ്പിക്കേണ്ടതുണ്ടെന്നും കൂടുതല്‍ സമയം നല്‍കണമെന്നും മായാവതി ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിച്ചതോടെയാണ് മായാവതി പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപനം നടത്തിയത്.
മായാവതിയുടെ ക്ഷോഭത്തിന് പിന്നാലെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി എഴുന്നേറ്റു. മായാവതി ഉന്നയിച്ച വിഷയങ്ങള്‍ അതീവ പ്രാധാന്യമുള്ളതാണെന്നും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അക്രമങ്ങളില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ദളിതരും ന്യൂനപക്ഷങ്ങളും ഭയത്തോടെയാണ് രാജ്യത്ത് കഴിയുന്നതെന്നും യെച്ചൂരി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.